എം.സി റോഡിൽ വീണ്ടും മിന്നൽ കാലനായി: കെ.എസ്.ആർ.ടി.സിയുടെ മിന്നലിടിച്ച് ഏറ്റുമാനൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ

എം.സി റോഡിൽ വീണ്ടും മിന്നൽ കാലനായി: കെ.എസ്.ആർ.ടി.സിയുടെ മിന്നലിടിച്ച് ഏറ്റുമാനൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ വീണ്ടും മിന്നലിന്റെ സംഹാര താണ്ഡവം. അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തു. മിന്നലിനു മുന്നിൽ കുടുങ്ങിയ ബൈക്ക് 40 മീറ്ററോളം ദൂരം വലിച്ചു നീക്കി കൊണ്ടു പോയി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു ദാരുണമായ അപകടം.

അപകടത്തിൽ ഏറ്റുമാനൂർ സിയോൺ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. തിരുവന്തപുരത്തു നിന്നു സുൽത്താൻബത്തേരിയ്ക്കു പോകുകയായിരുന്നു മിന്നൽ ബസ്. അമിത വേഗത്തിൽ എത്തിയ ബസ്, തടിലോറിയെ മറികടക്കുന്നതിനിടെ ക്ഷേത്രത്തിനു നേരെ മുന്നിൽ വച്ച് ബൈക്കിനെ ഇടിച്ചു. എതിർ ദിശയിൽ നിന്നും എത്തിയ ഷിബുവിന്റെ ബൈക്കിനെയാണ് മിന്നൽ ഇടിച്ചു വീഴ്ത്തിയത്.

അമിത വേഗത്തിൽ എത്തിയ ബസിന്റെ ഇടിയിൽ ആകാശത്തേയ്ക്കു ഉയർന്നു പൊങ്ങിയ ഷിബു, ബസിന്റെ ചില്ലിൽ വന്നിടിച്ചു. തുടർന്ന് റോഡിൽ ഇടിച്ചു വീഴുകയായിരുന്നു. ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിക്കിടന്നു. ഈ ബൈക്കിനെയും വലിച്ചു നീക്കി, നാൽപ്പതു മീറ്ററോളം ദൂരം ബസ് നിരങ്ങി നീങ്ങി. ഇതിനു ശേഷമാണ് ബസ് നിർത്താൻ സാധിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ഷിജി.