
സ്വന്തം ലേഖകൻ
തിരുവല്ല: നിയന്ത്രണം വിട്ടബൈക്ക് പോസ്റ്റിൽ ഇടിച്ച് തലതകർന്ന് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ അൻഷാദ് ഷാഹിദ് (18)ആണ് മരിച്ചത്. ചങ്ങനാശേരിയിൽ നിന്നും എംസി റോഡിലൂടെ അമിത വേഗത്തിൽ തിരുവല്ല ഭാഗത്തേയ്ക്ക് പോയ ബൈക്കാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവല്ല അമ്പലപ്പുഴ റോഡിൽ വെട്ടുതോട് ക്നാനായ പള്ളിയ്ക്ക് സമീപത്തു വച്ചാണ് ബൈക്ക് അപകടമുണ്ടായത്. സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അൻഷാദ് ബൈക്കിൽ പോയത്. ചങ്ങനാശേരിയിൽ നിന്നും അതി വേഗത്തിൽ ബൈക്കിൽ കുതിക്കുകയായിരുന്നു. ഇതിനിടെ തിരുവല്ല ഭാഗത്തു വച്ച് വളവ് തിരിയുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. റോഡരികിലേയ്ക്ക് പാഞ്ഞു പോയ ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തല പോസ്റ്റിൽ ഇടിച്ചു തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് 108 ആംബുലൻസ് വിളിച്ച് അൻഷാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.