മദ്യലഹരിയിൽ റോഡിൽ വീണയാൾ കാർ കയറിയിറങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മദ്യലഹരിയിൽ റോഡിൽ തലയടിച്ചു വീണയാൾ കാർ കയറിയിറങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് കണിയാപറമ്പിൽ മോഹൻദാസ് (50)ആണ് മരിച്ചത്. മെയ് 17 വ്യാഴാഴ്ച രാത്രി 8.20 ന് എം.സി റോഡിൽ എസ്എച്ച് മൗണ്ട് ചവിട്ടു വരി ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മോഹൻദാസ് റോഡിൽ തലയടിച്ചു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പ്രദേശവാസികളും, സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും പറയുന്നു. ഈ സമയം ഇതുവഴി എത്തിയ കാർ റോഡിൽ വീണു കിടക്കുന്ന മോഹൻദാസിനെ കാണാതെ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിപോകുകയായിരുന്നു. നാഗമ്പടത്തു നിന്നു ചവിട്ടു വരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാറാണ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കാർ ഡ്രൈവർ വണ്ടി നിർത്തി. തുടർന്നു മോഹൻദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗാന്ധിനഗർ പൊലീസ് കേസെടുത്തു. റോഡിൽ മതിയായ വെളിച്ചമില്ലാതിരുന്നതിനാൽ കിടന്നയാളെ കാണാനായില്ലെന്നു കാർ ഡ്രൈവർ പൊലീസിനു മൊഴി നൽകി.