
വിനോദസഞ്ചാരികൾക്ക് നേരേ കാർ ഓടിച്ചുകയറ്റാൻ ശ്രമം ; ചോദ്യംചെയ്തതോടെ മദ്യലഹരിയിലായിരുന്ന യുവാക്കൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു ; സംഭവത്തിൽ മദ്യപസംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
അടിമാലി: മാങ്കുളം ആനക്കുളത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളെ ആക്രമിച്ച മദ്യപസംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിലായി. ആനക്കുളം പടയാട്ടിൽ ബിജു (44), മുകളേൽ സനീഷ് (23), ഉടുമ്പിക്കൽ ജസ്റ്റിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിഷുദിനത്തിൽ ആനക്കുളം ചെക്ക്ഡാം ഭാഗത്തുവച്ചായിരുന്നു സംഭവം.
ചെറായി സ്വദേശി നിധീഷിനും കുടുംബത്തിനും നേരേയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം വിനോദസഞ്ചാരികൾക്ക് നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നിധീഷും കുടുംബവും ഇത് ചോദ്യംചെയ്തതോടെ മദ്യലഹരിയിലായിരുന്ന പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരേ അസഭ്യവർഷവും നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് സ്ത്രീകളും രണ്ട് കട്ടികളും ഉൾപ്പെടെയുള്ളവരാണ് നിധീഷിനൊപ്പം ഉണ്ടായിരുന്നത്. ഇവർക്ക് മുന്നിലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്ത് എത്താൻ വൈകിയെന്നും ആക്ഷേപമുണ്ട്. അതിനിടെ, പൊലീസ് സ്ഥലത്തെത്തിയിട്ടും അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നില്ല. ഈ സമയം തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരേ ഇവർ കല്ലെറിയുകയും ചെയ്തു.
കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു.സംഭവത്തിൽ അന്നേദിവസം തന്നെ മൂന്നാർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പരാതിക്കാരെ വിളിച്ച് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മൂന്നാറിനടുത്ത പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മാങ്കുളവും ആനക്കുളവും. വെള്ളച്ചാട്ടവും കാട്ടാനകൾ വെള്ളംകുടിക്കാനെത്തുന്ന ദൃശ്യവും പ്രകൃതി ഭംഗിയുമാണ് പ്രധാന ആകർഷണം. പതിവായി നിരവധി സന്ദർശകരെത്തുന്ന പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറഞ്ഞു. എന്നാൽ നിരവധി വിനോദസഞ്ചാരികളെത്തുന്ന പ്രദേശത്ത് കൃത്യമായ പൊലീസ് നിരീക്ഷണമോ സുരക്ഷാ സംവിധാനങ്ങളോയില്ലെന്ന് പരാതിയുണ്ട്.