അഭിമന്യു വധം: നിലപാട് വിശദീകരിക്കാൻ പത്രസമ്മേളനത്തിനെത്തിയ എസ് ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: അഭിമന്യു വധത്തിന്റെ നിലപാട് വിശദീകരിക്കാൻ പത്രസമ്മേളനത്തിനെത്തിയ ആറ് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ച വാർത്താ സമ്മേളനത്തിനെത്തിയ ഇവരെ കൊച്ചി പ്രസ് ക്ലബ്ബിൽ വെച്ച് വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങവെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മജീദ് ഫൈസിയെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് കെഎം മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യു കൊലപാതകത്തിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ ആരോപിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ആഭ്യന്തരവകുപ്പ് ഇതിന്റെ പേരിൽ മുസ്‌ലിം സാമുദായിക വേട്ടയ്ക്കും വർഗീയ ചേരിതിരിവിനും കാരണമാകുന്ന വിധത്തിലാണ് പ്രവർത്തുക്കുന്നതെന്നും അഭിമന്യു വധക്കേസ് പ്രതികളെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പിടികൂടണമെന്നും മജീദ് ഫൈസി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.