play-sharp-fill
മലയാളി നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി

മലയാളി നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി

സ്വന്തം ലേഖകൻ

പെർത്ത് : മലയാളി നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി. പായ്വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കവെ ആയിരുന്നു അഭലാഷ് അപകടത്തിൽപ്പെട്ടത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ മുതുകിനു പരുക്കേറ്റതിനാൽ എഴുന്നേറ്റു നിൽക്കാനാകാത്ത സ്ഥിതിയിലാണ്. ഒറ്റയ്‌ക്കൊരു പായ്വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡിന് ഉടമയാണു കൊച്ചി കണ്ടനാടു സ്വദേശിയായ അഭിലാഷ് ടോമി. നാവികസേനയുടെ p81 വിമാനം മൗറീഷ്യസിലെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് വൈകാതെ അഭിലാഷിന്റെ അടുത്തേക്ക് തിരിക്കും. അടിയന്തര മരുന്നുകൾ, ഭക്ഷണം എന്നിവ പായ് വഞ്ചിയിലെത്തിക്കുകയാണ് ലക്ഷ്യം. ഓസ്‌ട്രേലിയൻ റെസ്‌ക്യു കോർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയും തിരച്ചിൽ നടത്തുന്നുണ്ട്. ഓസ്‌ട്രേലിയൻ പ്രതിരോധ വിഭാഗവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3,000 കിലോമീറ്റർ പടിഞ്ഞാറു വച്ചാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. അപകടത്തിൽ പരുക്കുണ്ടെങ്കിലും താൻ സുരക്ഷിതനാണെന്ന് അഭിലാഷ് ടോമി അറിയിച്ചിരുന്നു. ഇക്കാര്യം അഭിലാഷിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. പായ്വഞ്ചി പ്രയാണത്തിന്റെ സംഘാടകരായ ഗോൾഡൻ ഗ്ലോബ് അധികൃതരും അഭിലാഷ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി.