ആയുഷ്മാൻ പദ്ധതി പൊളിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രി മാഫിയ
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ‘ആയുഷ്മാൻ ഭാരത് പദ്ധതി’യുടെ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ പിന്മാറുമെന്ന് സൂചന. ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പല ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും നാമമാത്രമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
പ്രഖ്യാപിത നിരക്കിൽ നിന്ന് 40 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 80,000 രൂപയാണ് ആയുഷ്മാൻ നിരക്ക്. കേരളത്തിലെ മികച്ച ഒരു സ്വകാര്യ ആശുപത്രിയിൽ ഇതിന് 1,45,000 രൂപയെങ്കിലും വേണ്ടി വരും.
നിലവിലുള്ള ആരോഗ്യ പദ്ധതിയായ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജനയുടെ (ആർ.എസ്.ബി.വൈ) നിരക്കെങ്കിലും ലഭിച്ചില്ലെങ്കിൽ ഈ മേഖലയിലേക്കില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്. അങ്ങനെയായാൽ പദ്ധതി അവതാളത്തിലാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരക്ക് വർദ്ധനയ്‌ക്കൊപ്പം സർക്കാർ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തരുത് എന്നതുൾപ്പെടെ ചില നിബന്ധനകളും സ്വകാര്യ ആശുപത്രികൾ മുന്നോട്ട് വയ്ക്കുന്നു.
മറ്റ് പ്രധാന നിബന്ധനകൾ
രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനകം പണം ലഭിക്കണം
അടിസ്ഥാന സൗകര്യമുള്ള മുഴുവൻ ആശുപത്രികളെയും പങ്കാളികളാക്കണം
എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ നിർബന്ധമാക്കരുത്
ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തണം. കാരുണ്യ സ്‌കീം നിലനിറുത്തണം
എന്താണ് ആയുഷ്മാൻ ഭാരത്
സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണിത്. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചത്. കുടുംബത്തിന് ഒരു വർഷം 5 ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. 2011ലെ സാമൂഹ്യ- സാമ്പത്തിക -ജാതി സെൻസസ് അനുസരിച്ച് കണ്ടെത്തിയ ഗ്രാമങ്ങളിലെ 8.03 കോടിയും നഗരപ്രദേശങ്ങളിലെ 2.22 കോടിയും വരുന്ന പാവപ്പെട്ട കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. ആശുപത്രിയിലെ മുഴുവൻ ഇടപാടും പണരഹിതം. ആശുപത്രി വിട്ടശേഷം വിശ്രമം ആവശ്യമെങ്കിൽ അതിനും ആനുകൂല്യം.
പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ?
ദേശീയ ആരോഗ്യ ഏജൻസിയാണ് (എൻ.എച്ച്.എ) പദ്ധതി നടപ്പിലാക്കുന്നത്. അവരുടെ ഹെൽപ്പ് ലൈൻ നമ്ബരായ 14555ൽ വിളിച്ചാൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാം. ഓൺലൈനിൽ അറിയാൻ എൻ.എച്ച്.എ പോർട്ടലിൽ mera pmjay gov.in ൽ ലോഗ് ചെയ്യുക. മൊബൈൽ നമ്പരും ഓൺലൈനിൽ കാണിക്കുന്ന സെക്യൂരിറ്റി പിന്നും എന്റർ ചെയ്യുക. അപ്പോൾ പാസ് വേഡ് മൊബൈൽ ഫോണിൽ ലഭിക്കും. ഇത് ഉപയോഗിച്ച് സൈറ്റിൽ പ്രവേശിച്ചാൽ കാണുന്ന ഫാറം പൂരിപ്പിച്ച് പേര്, മൊബൈൽ നമ്പർ, റേഷൻ കാർഡ് നമ്പരോ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജനയുടെ യു.ആർ.എൻ നമ്പരോ എന്റർ ചെയ്താൽ അർഹതയുണ്ടോ ഇല്ലയോ എന്ന് അറിയാം.