കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി ഹാജരാകും ; ആളൂർ

കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി ഹാജരാകും ; ആളൂർ

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ആളൂർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ നടന്ന കുപ്രസിദ്ധ കുറ്റകൃത്യങ്ങളിൽ പ്രതികളുടെ വക്കീൽ സ്ഥാനത്ത് സ്ഥിരം പേരുകാരനാണ് ബി.എ ആളൂർ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂർ. ജിഷ കേസിലും സൗമ്യ കേസിലുമടക്കം പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്.

പ്രതിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ ചിലർ ബന്ധപ്പെട്ടതായി ആളൂർ തേർഡ് ഐ ന്യൂസിനോട് പ്രതികരിച്ചു. പ്രതിക്ക് താൽപര്യമുണ്ടെങ്കിൽ കേസ് ഏറ്റെടുക്കുമെന്നും ആളൂർ വ്യക്തമാക്കി. ജോളിക്ക് വേണ്ടി ആളൂർ ഹാജരാവുകയാണെങ്കിൽ അത് കൂടത്തായി കൊലക്കേസിൽ വൻ വഴിത്തിരിവായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗമ്യ കൊലക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബി.എ ആളൂർ എന്ന പേര് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനൽ വക്കീലന്മാരിൽ ഒരാളാണ് ബി.എ ആളൂർ. സൗമ്യ കേസിലും ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് വേണ്ടിയും വക്കാലത്തെറ്റെടുത്തിരുന്നു ആളൂർ.

ആറ് പേർ കൊല ചെയ്യപ്പെട്ട കൂടത്തായി കൂട്ടക്കൊലക്കേസിലും പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ എത്തുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ തുടക്കം മുതൽ ഉയരുന്നത്. തുടർന്ന് സത്യാവസ്ഥ അറിയാൻ അഡ്വ. ആളൂരുമായി തേർഡ് ഐ ന്യൂസ് ബന്ധപ്പെടുകയായിരുന്നു. കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകാൻ തന്നെ ചിലർ ബന്ധപ്പെട്ടതായി അഡ്വക്കേറ്റ് ബി.എ ആളൂർ വെളിപ്പെടുത്തി.

കേസിൽ ഒരു പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും കിട്ടേണ്ടതുണ്ട്. ഇത്തരം കേസുകൾ ഏറ്റെടുക്കുന്നത് കൊണ്ട് തന്റെ ഇമേജിന് കോട്ടം തട്ടും എന്ന് കരുതുന്നില്ല. ഒരു ന്യായാധിപൻ ഏതൊരു പക്ഷവും പിടിക്കേണ്ടതില്ല. എന്നാൽ അഭിഭാഷകനെ സംബന്ധിച്ചിടത്തോളം പ്രതിക്ക് വേണ്ടി ഹാജരാകുമ്പോൾ പ്രതിപക്ഷവും വാദിക്ക് വേണ്ടി ഹാജരാകുമ്പോൾ വാദിപക്ഷവും നിന്ന് കൊണ്ട് കേസ് നടത്തേണ്ടതുണ്ടെന്നും ആളൂർ ചൂണ്ടിക്കാട്ടി.