
ആടിനെയും പശുവിനെയും വളർത്തി ജീവിക്കാമെന്നു കരുതേണ്ട: പാൽ കുറഞ്ഞു, മൃഗങ്ങൾക്ക് രോഗം: ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷം.
വൈക്കം: വേനൽചൂട് ക്ഷീരമേഖലയെ അപ്പാടെ തകർത്തു. അടുമാടുകളെ വളർത്തി ജീവിതം നോക്കിയിരുന്നവർ കടുത്ത പ്രതിസന്ധിയിലായി.
ചൂടു കൂടിയതോടെ കന്നുകാലികൾ അകിടുവീക്കം ബാധിച്ചു വായിൽ നിന്നു നുരയും പതയും വന്ന് നേരെ നിൽക്കാൻ പറ്റാത്ത സ്ഥിതിയിലായി. രോഗബാധിതരായ കന്നുകാലികളിൽ ചിലതു ചത്തു. ചൂടു കൂടിയതിനെ തുടർന്ന് പാൽ ലഭ്യതയിൽ വൻ കുറവുണ്ടായി.
ഒന്നും രണ്ടും പശുക്കൾ ഉപജീവനത്തിനായി വളർത്തുന്നവർക്കും ചെറുകിട ഫാമുകാർക്കും ക്ഷീര സംഘങ്ങളിലുമൊക്കെ പാൽ ലഭ്യത ഗണ്യമായി കുറഞ്ഞു. 70000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും 30,000നുമൊക്കെ വിൽക്കാൻ നിർബന്ധിതരാകുകയാണ് കർഷകർ.
വേനൽ കടുത്തതോടെ പുരയിടങ്ങളിലേയും പാടശേഖരങ്ങളിലേയും പുല്ലു കരിഞ്ഞുണങ്ങിയതോടെ കന്നുകാലികൾക്കുള്ള തീറ്റ ചെലവ് വർധിച്ചു. രോഗബാധിതരായകന്നുകാലികൾക്കു ചികിൽസ നൽകായി മരുന്നു വാങ്ങാനും വൻ തുകയാണ് ചെലവു വരുന്നത്. വൈക്കത്ത് ഏറ്റവും അധികം പശു വളർത്തലുണ്ടായിരുന്ന വെച്ചൂർ, തലയാഴം,ചെമ്പ്, ടി വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലൊക്കെ കന്നുകാലി വളർത്തൽ ലാഭകരമല്ലാതായതോടെ നല്ലൊരു പങ്കു കർഷകരും മേഖല വിട്ടു പോയി.
ജഴ്സി, സിന്ധി ക്രോസ്, എച്ച്എഫ്, ഗീർ ഇനങ്ങളിൽപ്പെട്ട
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 പശുക്കളും എരുമകളുമുണ്ടായിരുന്ന കൊടുതുരുത്തിൽ മാർട്ടിൻ പ്രതിസന്ധി കടുത്തതോടെ പശുക്കളുടെ എണ്ണം 16 ആക്കിചുരുക്കി.വൻ തുക കൊടുത്തു വാങ്ങിയ മൂന്നു പശുക്കൾ ചൂടുമൂലം ക്ഷീണത്തിലായതോടെ വാങ്ങിയതിൻ്റെ നാലിലൊന്നു വിലയ്ക്കാണ് മാർട്ടിൻ വിറ്റത്. പ്രതിദിനം 120ലിറ്റർ പാൽ ലഭിച്ചിരുന്നത് 90ലിറ്ററായി കുറഞ്ഞു. തീറ്റ നൽകുന്നതിൻ്റെ ചെലവും വരുമാനവുമായി തട്ടിക്കുമ്പോൾ ദിനംപ്രതി 1200 രൂപയുടെ നഷ്ടമുള്ളതായി മാർട്ടിൻ പറയുന്നു.
പതിറ്റാണ്ടുകളായി പശുവളർത്തലിൽഎർപ്പെട്ടിരുന്ന മറ്റം തോട്ടുപുറത്ത് ബാബു,പുഷ്പവല്ലി ദമ്പതികൾ കാലാവസ്ഥ വ്യതിയാനത്തോടെ പാൽ ലഭ്യത കുറഞ്ഞതോടെ 16 പശുക്കളുണ്ടായിരുന്നത് 12 ആയി കുറച്ചു. പ്രതിദിനം 80 ലിറ്റർ പാൽ ലഭിച്ചിരുന്നത് 50 ലിറ്ററായി കുറഞ്ഞു. നിലവിലെ പരിപാലന ചെലവ് കണക്കിലെടുക്കുമ്പോൾ ലിറ്ററിന് 80 രൂപയെങ്കിലും ലഭിച്ചാൽമാത്രമേ കർഷകന് ക്ഷീരമേഖലയിൽ തുടരാനാകുവെന്ന് പുഷ്പവല്ലി പറയുന്നു.
കന്നുകാലികൾക്കുള്ള തീറ്റയും അനുബന്ധ സാമഗ്രികളും സബ്‌സീഡി നിരക്കിൽ നൽകാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറായില്ലെങ്കിൽ
കന്നുകാലി പരിപാലനം ഗ്രാമീണ മേഖലയിലെ ഒരു ഓർമ്മ ചിത്രമാകുന്ന കാലം വിദൂരമല്ലെന്ന് മാർട്ടിനും പുഷ്പവല്ലിയും പറയുന്നു.
ക്ഷീര കർഷകർക്ക് പുറമെ ക്ഷീര സംഘങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
വൈക്കത്ത് 18 ക്ഷീര സംഘങ്ങളാണുള്ളത്. ചൂട് വർധിച്ചതിനെ തുടർന്ന് പാൽ ലഭ്യത കുറഞ്ഞതും പ്രാദേശികമായി കന്നുകാലികളുടെ എണ്ണം കുറഞ്ഞതുമാണ് ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കിയത്. മിൽമയ്ക്ക് പാൽ നൽകുന്നതിന് പുറമെ പ്രാദേശികമായി പാൽ വിൽക്കുന്നതിലൂടെ ലഭിക്കുന്നവരുമാനമായിരുന്നു സംഘങ്ങളെ നിലനിർത്തിയിരുന്നത്. പാൽ ലഭ്യത കുറഞ്ഞതോടെ സംഘങ്ങളുടെ പ്രാദേശിക വിൽപനയിലും ഇടിവുണ്ടായി.
വെച്ചൂർഇടയാഴം ക്ഷീരോത്പാദക സംഘത്തിൽ 100 ഓളം ക്ഷീര കർഷകരുണ്ടായിരുന്നത് ഇപ്പോൾ 70 ആയി കുറഞ്ഞു. പ്രതിദിനം ലഭിച്ചിരുന്ന പാലിൽ 150 ലിറ്ററിൻ്റെ കുറവാണുണ്ടായത്. സംഘത്തിലെ കർഷകരായ മാർട്ടിൻ കൊടുതുരുത്ത്, തോട്ടു പുറത്ത് പുഷ്പവല്ലി, അനീഷ് പരമേശ്വരൻ, രാധാമണിയമ്മ, ഉല്ലാസ് കൊടുതുരുത്ത്, ജനാർദ്ദനൻമറ്റം, വിജയലക്ഷ്മി തുടങ്ങി നിരവധിപേർ കന്നുകാലികളുടെ എണ്ണം കുറച്ചു.