പശ്ചിമ ബംഗാള്‍ സ്വദേശി ആലപ്പുഴയില്‍ കുടിവെള്ളം ചോദിച്ചെത്തി വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖകൻ
എടത്വാ: പശ്ചിമ ബംഗാള്‍ സ്വദേശി ആലപ്പുഴയില്‍ കുടിവെള്ളം ചോദിച്ചെത്തി വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു.

video
play-sharp-fill

തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സിയേയും (50) മകന്‍ അന്‍വിനേയുമാണ് (25) കുത്തി പരിക്കേല്‍പ്പിച്ചത്. വീട്ടമ്മയെയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചതിന്റെ പേരില്‍ ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വാ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ച്‌ വീട്ടിലെത്തിയ സത്താര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ അടച്ച്‌ അകത്തു കയറി. കതകില്‍ ഇടിച്ചും ചവിട്ടിയും തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് കെട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി. നായുടെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതുകണ്ട അന്‍വിന്‍ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു. ഈ സമയം കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ അന്‍വിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിന്‍സിയുടെ നേരെയും സത്താര്‍ തിരിഞ്ഞു. വിന്‍സിയുടെ കൈയ്യിലാണ് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകര്‍ സത്താറിനെ തടഞ്ഞു. എടത്വാ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കുത്തേറ്റ വിന്‍സി എടത്വാ ട്രഷറി ഓഫീസ് ജീവനക്കാരിയാണ്. ലഹരി ഉപയോഗിച്ച്‌ സുബോധം നഷ്ടപ്പെട്ടതാകാമെന്നാണ് സംശയം. മറ്റ് പലരുമായും ഇയാള്‍ വാക്കേറ്റം നടത്തിയതായി സൂചനയുണ്ട്.

എടത്വാ എസ് ഐ സി പി കോശി, എ എസ് ഐ സജികുമാര്‍, സീനിയര്‍ സി പി ഒ പ്രതീപ് കുമാര്‍, സി പി ഒ മാരായ സനീഷ്, കണ്ണന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.