ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ തിരിച്ചയച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോൾ സംശയം തോന്നിയ പോലീസ് ഇവരുടെ പ്രായം പരിശോധിക്കുകയായിരുന്നു.തുടർന്ന് തിരിച്ചുപോകാൻ നിർദേശിച്ചു. ഇതോടെ യാതൊരു എതിർപ്പുകളും കൂടാതെ ഇവർ മടങ്ങുകയായിരുന്നു.
സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇതോടെ സംഘം നിലയ്ക്കലിലേക്ക് മടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിലെ മറ്റുള്ളവർ സന്നിധാനത്തേക്ക് പോയി. പമ്പയിൽ സ്ത്രീകളായ ഭക്തരുടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാൻ പോലീസ് അനുവദിക്കുന്നത്. എന്നാൽ മറ്റു നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
സുപ്രീംകോടതിവിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതി പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ പോലീസിന് കർശന നിർദേശം നൽകിയിരുന്നു. നിലയ്ക്കൽ വരെയാണ് തീർത്ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലിൽ വാഹനം പാർക്കുചെയ്ത് നിലയ്ക്കൽ-പമ്പ കെ എസ് ആർ ടി സി ചെയിൻ സർവീസിൽ തീർത്ഥാടകർക്ക് പമ്പയിലെത്താം.