മിണ്ടാപ്രാണികളെ കൊന്ന് രസം കണ്ടെത്തുന്ന മലയാളി മനസ് ; പൂച്ചയ്ക്കും പട്ടിക്കും പിന്നാലെ കീരിയെയും കൊന്ന് കെട്ടിത്തൂക്കി
സ്വന്തം ലേഖിക
കാസർകോട് : മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിൽ വിനോദം കണ്ടെത്തുകയാണ് ഒരു വിഭാഗം മനുഷ്യർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും ഇതിന് ഉദാഹരണമായിരുന്നു. ഇപ്പോൾ കീരികളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്.
കീരികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ്. കുമ്പഡാജെ മാർപ്പിനടുക്ക ഹയർസെക്കൻഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിൽ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരങ്ങളിൽ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴ കിടങ്ങറയിലാണ് പട്ടിയെ കൊന്ന് കെട്ടിത്തൂക്കിയത്.കയറിൽ തൂക്കുമ്പോൾ നായ കിടന്ന് പിടയുന്ന 11 സെക്കന്റുള്ള വീഡിയോയും, ചത്തശേഷം നായയെ ഒഴുക്കി വിടുന്നതിന്റെ മൂന്ന് സെക്കന്റുള്ള വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.