play-sharp-fill
രണ്ടാം വിവാഹം അതും പ്രണയിച്ച് ആളെ ഇഷ്ടപ്പെട്ട് കെട്ടി; പക്ഷേ, ആ വിവാഹവും കൃതിയെ തുണച്ചില്ല; ഒൻപത് മാസം നീണ്ട ദാമ്പത്യം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ അവസാനിച്ചു; കൃതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

രണ്ടാം വിവാഹം അതും പ്രണയിച്ച് ആളെ ഇഷ്ടപ്പെട്ട് കെട്ടി; പക്ഷേ, ആ വിവാഹവും കൃതിയെ തുണച്ചില്ല; ഒൻപത് മാസം നീണ്ട ദാമ്പത്യം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ അവസാനിച്ചു; കൃതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

ക്രൈം ഡെസ്‌ക്
കൊല്ലം: ആർഭാട ജീവിതം നയിച്ച രണ്ടാം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ പിടഞ്ഞു തീരാനായിരുന്നു കൃതിയുടെ യോഗം. മൂന്നു വയസുകാരിയായ മകളെ തനിച്ചാക്കി, വയറ്റിലുണ്ടായിരുന്ന കുരുന്നിന് പുതുജീവൻ ഏകാനാവാതെ കൃതി ഒടുവിൽ മരണത്തിന് കീഴടങ്ങി.
ഒൻപത് മാസം മുൻപ് രണ്ടാമതും വിവാഹിതയായ മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനന്റെ മകൾ കൃതി (26) തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കൊല്ലപ്പെട്ടത്.
മാസങ്ങളോളം പ്രണയിച്ച ശേഷം ഒൻപത് മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയിൽ കഴുത്ത് ഞെരിച്ച് ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ കീഴടങ്ങിയ യുവാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ എം. ആർ. എ 12ബിയിൽ വൈശാഖാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
പൊലീസും യുവതിയുടെ വീട്ടുകാരും പറയുന്നത്: ആർഭാട ജീവിതം നയിച്ചിരുന്ന വൈശാഖിന് കാര്യമായ ജോലികളൊന്നുമില്ലായിരുന്നു. കൃതിയുടെ നാലുലക്ഷത്തോളം രൂപയുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് കാലിയാക്കുകയായിരുന്നു പ്രതി.
കൃതി ഇതിനെ ചോദ്യം ചെയ്തിരുന്നു. രണ്ടുമാസമായി കൃതി സ്വന്തം വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് വൈശാഖ് എത്തിയത്. കിടപ്പുമുറിയിൽ തങ്ങിയ ദമ്പതികളെ രാത്രി പത്തേമുക്കാലോടെ അത്താഴം കഴിക്കാൻ അമ്മ ബിന്ദു വിളിച്ചു. വാതിൽ തുറന്നപ്പോൾ ബിന്ദു കണ്ടത് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന മകളെയാണ്.
സംസാരിച്ചിരിക്കവേ കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് വാഹനത്തിൽ കടന്നുകളഞ്ഞു. മാതാപിതാക്കൾ ഉടൻ കുണ്ടറ പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രണയത്തിലായിരുന്ന കൃതിയും വൈശാഖും ഒൻപത് മാസം മുമ്ബാണ് വിവാഹിതരായത്. കൃതിക്ക് ആദ്യ വിവാഹത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. വൈശാഖിന്റെ ആദ്യ വിവാഹമാണ്.
മാസങ്ങൾക്കുള്ളിൽ വൈശാഖ് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.
ഇതേചൊല്ലി ഒക്ടോബർ 14ന് കലഹിച്ച് ഭാര്യവീട്ടിൽ നിന്നിറങ്ങിയ വൈശാഖ് പിന്നീട് തിങ്കളാഴ്ചയാണ് തിരികെയെത്തിയത്.
പണത്തിനും സ്വത്തിനുംവേണ്ടി വൈശാഖ് ഭാര്യയെ ഉപദ്രവിക്കുന്നതും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കൊലപാതകം അറിഞ്ഞ ഉടൻ പൊലീസ് വൈശാഖിനായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാളുടെ കൊല്ലത്തെയും പരവൂരിലെയും വീടുകളിൽ പരിശോധന നടത്തി പാസ്‌പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലും മറ്റും നിരീക്ഷണം ശക്തമാക്കി. പൊലീസിന്റെ സമ്മർദ്ദം ശക്തമായതോടെയാണ് ഇയാൾ കീഴടങ്ങിയത്.