അയോധ്യ വിധിക്ക് മുന്നോടിയായി രാജ്യം ഒരുങ്ങുന്നു ; പൊലീസുകാരുടെ ലീവുകൾ റദ്ദാക്കുന്നു, ജയിലുകളിലും തയ്യാറെടുപ്പ്
ന്യൂഡൽഹി : അയോധ്യ ഭൂമിതർക്ക വിഷയത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കെ കനത്ത സുരക്ഷയിൽ രാജ്യം. റാം ലല്ല പ്രതിനിധികൾ, ഹിന്ദു സംഘടനയായ നിർമോഹി അഖാദ, സുന്നി കേന്ദ്ര വഖ്ഫ് ബോർഡ് എന്നിവർക്ക് അയോധ്യയിലെ 2.77 ഏക്കർ വരുന്ന ഭൂമി വീതിച്ച് നൽകണമെന്നുളള അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുളള ഹർജിയിലാണ് സുപ്രീം കോടതി വിധി പറയാൻ പോകുന്നത്.
വിധി വരുന്നത് മുന്നിൽ കണ്ട് ഉത്തർ പ്രദേശിലെ അബേദ്കർ നഗർ ജില്ലയിലെ പല കോളേജുകളിലായി താത്കാലിക ജയിലുകൾ തുറന്നിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ദേശീയ അന്വേഷണ ഏജൻസി, പ്രാദേശിക ഇന്റലിജൻസ് യൂണിറ്റ് എന്നിവർ ക്യാംപ് ചെയ്യുന്നുണ്ട്. ഒപ്പം 75 ജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളും സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയുളള വിദ്വേഷ പ്രചാരണത്തെ തടയുന്നതിനായി മഹാരാഷ്ട്ര സൈബർ പൊലീസ് ഒരു പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ വിധി ആർക്ക് അനുകൂലമായാലും സംയമനം പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടണമെന്ന് പറഞ്ഞ് മുസ്ലിം മതനേതാക്കൾ പ്രാർത്ഥനകൾ നയിക്കുന്ന മുസ്ലിം ഇമാമുകളെയും സമീപിച്ചിട്ടുണ്ട്. മാത്രമല്ല വിധി പ്രസ്ഥാവിക്കുന്ന ജഡ്ജിമാരിൽ ഒരാളായ അശോക് ഭൂഷണിന്റെ വസതിയിലെ സുരക്ഷയും ഭീമമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ രാമക്ഷേത്രത്തിനായി കല്ലുകൾ പണിതുകൊണ്ടിരിക്കുന്ന റാം ജന്മഭൂമി ന്യാസും ആ ജോലികൾ നിർത്തിവച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group