
അയോധ്യ : സുപ്രീം കോടതി വിധി സംയമനത്തോടെ സ്വീകരിക്കണം ; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
സ്വന്തം ലേഖകൻ
മലപ്പുറം: അയോധ്യാകേസിൽ സുപ്രീംകോടതി വിധിയുടെപേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗംവരാതിരിക്കാൻ ജാഗ്രതപുലർത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.കേസിൽ സുപ്രീംകോടതി വിധിവരുമ്പോൾ സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബറി മസ്ജിദ്. സുപ്രീം കോടതി ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയോധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ നീതിപീഠങ്ങളാണ് പൗരന്റെയും ദുർബലജനതയുടെയും സത്യവും നീതിയും പുലരാൻ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ. മസ്ജിദിന്റെയും അതു നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിൻബലത്തോടെത്തന്നെ കോടതിമുമ്പാകെ ഇഴകീറി പരിശോധനയ്ക്കു വന്നിട്ടുണ്ട്.