play-sharp-fill
കടുത്ത വയറുവേദന ; ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ ഹൈക്കോടതി ഉത്തരവ്

കടുത്ത വയറുവേദന ; ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ ഹൈക്കോടതി ഉത്തരവ്

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻധനമന്ത്രി പി. ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡുണ്ടാക്കാൻ എയിംസ് ഡയറക്ടറോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചിദംബരത്തെ ചികിത്സിക്കുന്ന ഹൈദരാബാദിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് നാഗേശ്വർ റെഡ്ഡിയെക്കൂടി ബോർഡിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.


ആരോഗ്യകാരണങ്ങളാൽ ഇടക്കാലജാമ്യം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിമ്പോഴാണ് ജസ്റ്റിസ് സുരേഷ് കെയ്ത്തിന്റെ നടപടി. തന്റെ ആരോഗ്യനില മോശമായി വരുകയാണെന്നും ശരീരഭാരം 73-ൽ നിന്ന് 66 കിലോഗ്രാമായി കുറഞ്ഞെന്നും ചിദംബരം അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്ററോളജിയിൽ ഡോ. റെഡ്ഡിയെ കാണാനായി ആറുദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

ചിദംബരത്തെ ഹൈദരാബാദിലേക്കു കൊണ്ടുപോകണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ആദ്യം ആവശ്യപ്പെട്ടത്. ഡൽഹിയിലെ അപ്പോളൊ ആശുപത്രിയിലേക്ക് മാറ്റുകയോ ഡോ. റെഡ്ഡിയെ ഇവിടേക്കു വരുത്തുകയോചെയ്താൽ മതിയെന്ന് പിന്നീടു അറിയിച്ചു.

ആവശ്യമെങ്കിൽ ചിദംബരത്തെ എയിംസിലെ സ്വകാര്യ വാർഡിലേക്കു മാറ്റാമെന്ന നിലപാടാണ് കോടതിയും അന്വേഷണ ഏജൻസിയും സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് ചിദംബരത്തെ ഈമാസം 13 വരെ തിഹാർ ജയിലിലയച്ചത്. നേരത്തേ സി.ബി.ഐ. രജിസ്റ്റർചെയ്ത കേസിലും ആഴ്ചകളോളം അദ്ദേഹം ജയിലിൽ കിടന്നിരുന്നു. കടുത്ത വയറുവേദനയെത്തുടർന്ന് ചിദംബരത്തെ കഴിഞ്ഞദിവസം എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു.

കോടതിയിൽ രോഷാകുലനായി സിബൽ

ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കവേ അതൃപ്തിയറിയിച്ച് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹൈക്കോടതിയിൽ രോഷാകുലനായി. കടുത്ത ആരോഗ്യപ്രശ്‌നമുള്ള ചിദംബരത്തിന് ഉചിതമായ ചികിത്സ നൽകാൻ സർക്കാർ വിസമ്മതിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അതൃപ്തിയറിയിച്ചത്. ഇങ്ങനെയെങ്കിൽ ഇടക്കാല ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പിൻവലിച്ചുകൊള്ളാൻ പറഞ്ഞ കോടതി, സിബലിനെപ്പോലൊരു അഭിഭാഷകനിൽനിന്ന് ഇതുപോലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ ഉത്തരവിട്ടത്.

Tags :