മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാനുള്ള നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ
ഭോപ്പാൽ: മോദി വിരുദ്ധ നീക്കം ഉണ്ടാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി. ബിഎസ്പിയെ ഒപ്പം നിർത്താൻ കോൺഗ്രസിന് കഴിയാതെ പോയതാണ് തിരിച്ചടിയായിരിക്കുന്നത്. മധ്യപ്രദേശിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസും ബിഎസ്പിയും തമ്മിൽ ധാരണയാകാതെ പോകുകയായിരുന്നു. ഇതോടെ 230 മണ്ഡലങ്ങളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കാനും തീരുമാനമായി. മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുന്ന കോൺഗ്രസ് നീക്കത്തിനാണ് ഇതോടെ തിരിച്ചടി ആയത്. കോൺഗ്രസിനൊപ്പമില്ലെന്ന് ബിഎസ്പി വ്യക്തമാക്കിയതോടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് ഇരട്ടി മധുരമായി മാറി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മധ്യപ്രദേശിൽ കോൺഗ്രസും ബിഎസ്പിയും തമ്മിൽ ധാരണാചർച്ച നടക്കുന്നില്ലെന്നു ബിഎസ്പി സംസ്ഥാന അധ്യക്ഷൻ നർമദ പ്രസാദ് അഹിർവാർ ആണ് വ്യക്തമാക്കിയത്. 230 മണ്ഡലങ്ങളിലും ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബിഎസ്പിയുമായി ധാരണയുണ്ടാക്കുമെന്നു പറഞ്ഞിട്ടില്ലെന്നും സമാനമനസ്‌കരുമായി ധാരണയ്ക്കു ശ്രമിക്കുമെന്നുമാണു പാർട്ടി വ്യക്തമാക്കിയതെന്നും കോൺഗ്രസ് വക്താവ് മാനക് അഗർവാളും പറഞ്ഞു. ഈ വർഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും മധ്യപ്രദേശ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 165 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 58ഉം ബിഎസ്പിക്കു നാലും സീറ്റാണു ലഭിച്ചത്.