വാളയാറിലെ സഹോദരിമാർക്ക് നീതി വേണം ; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാക്കളുടെ പ്രതിഷേധം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഞങ്ങളുടെ സഹോദരിമാർക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികൾ കേരള സർക്കാരാണ് എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റിൽ പതിച്ചു.വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള സൈബർ വാരിയേഴ്‌സ്. വാളയാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്‌സൈറ്റ് സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ‘കേരള സൈബർ വാരിയേഴ്‌സ്’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.’ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്‌സ്’ എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഇപ്പോൾ നിയമവകുപ്പിന്റെ https://www.keralalawsect.org എന്ന വെബ്‌സൈറ്റ് തുറന്നാൽ കേരള സൈബർ വാരിയേഴ്‌സിന്റെ സന്ദേശം മാത്രമേ ലഭ്യമാകൂ.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും സൈബർ വാരിയേഴ്‌സ് ആരോപിക്കുന്നു. സർക്കാർ പദവികളിൽ ഇരിക്കുന്നവർ അധികാരദുർവിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും കുറിപ്പിൽ പറയുന്നു. വാളയാർ കേസിൽ പുനരന്വേഷണം ആവശ്യമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്ന അവകാശവാദവുമായാണ് കേരള സൈബർ വാരിയേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്ബതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും പീഡനത്തിനിരയായ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കേസ്. കൊലപാതകമാണോ എന്നും സംശയം ഉയരുന്നുണ്ട്.