
മരണത്തിലേക്ക് മുങ്ങിത്താഴുമ്പോഴും മക്കളെ രക്ഷിച്ച് അച്ഛൻ
സ്വന്തം ലേഖകൻ
കോത്തല: മക്കളുടെ മുമ്പിൽ അച്ഛൻ മുങ്ങി മരിച്ചു ; ദുരന്തത്തിൽ വിറങ്ങലിച്ച് കോത്തല ഗ്രാമം. റാന്നി വൃന്ദാവനം ചൂരപ്പെട്ടിൽ പി.ജി. ചെല്ലപ്പന്റെ മകൻ പ്രദീപ് കുമാറാണ് ( ഉണ്ണി – 39) ഞായറാഴ്ച രാവിലെ കോത്തലച്ചിറയിൽ മുങ്ങി മരിച്ചത്. രാവിലെ 9.30ന് മക്കളായ വിഷ്ണു, ശ്രീലക്ഷ്മി, അമ്പാടി എന്നിവർക്കൊപ്പം കോത്തലച്ചിറയിൽ കുളിക്കാനും മീൻ പിടിക്കാനും എത്തിയതായിരുന്നു പ്രദീപ്.
മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി പ്രദീപ് തലകുത്തി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ചിറയിലെ കല്ലിൽ ഇടിച്ച് മൂക്കിന് സമീപം മുറിവ് പറ്റുകയും രക്ഷപ്പെടാനാകാതെ പ്രദീപ് മുങ്ങിത്താഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപത് വയസുള്ള മൂത്ത മകൻ വിഷ്ണു കൈലിമുണ്ട് എറിഞ്ഞ് നൽകിയെങ്കിലും പിടിച്ച് കയറാൻ പ്രദീപ് ശ്രമിച്ചെങ്കിലും മക്കൾ കുളത്തിൽ വീഴുമെന്ന് കരുതിയ പ്രദീപ് വിട് മക്കളെ എന്ന് വിളിച്ച് പറഞ്ഞുവെന്ന് കുട്ടികൾ നാട്ടുകാരോട് പറഞ്ഞു.
അച്ഛൻ മുങ്ങിത്താഴുന്നത് കണ്ട് കുട്ടികൾ നിലവിളിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. കുട്ടികൾ വിവരം പറഞ്ഞതിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് പ്രദീപിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാമ്പാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കോത്തലയിൽ എത്തിച്ചു.
കുന്നോന്നി കൊട്ടാരപ്പറമ്പിൽ കുടുംബാംഗമായ സുനിമോളാണ് ഭാര്യ. മക്കൾ: വിഷ്ണു (9) , ശ്രീലക്ഷ്മി (6), അമ്പാടി (4) .
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് കോത്തലയിലെ മുൻ കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് രാജു നാരായണന്റെ വീട്ടുവളപ്പിൽ. രാജു നാരായണന്റെ ഭാര്യ പ്രസന്നകുമാരിയുടെ (കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക്) സഹോദരനാണ് പ്രദീപ്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രദീപ്.