കരമനയിലെ ദുരൂഹ മരണങ്ങൾ ; നിഗൂഢതകളുടെ നടുവിൽ കൂടത്തിൽ ഉമാമന്ദിരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരമനയിലെ ദുരൂഹ മരണങ്ങൾ സംഭവിച്ച കൂടത്തിൽ ഉമാമന്ദിരം നിഗൂഢതകൾക്ക് നടുവിലാണ്. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത് ആണ് ഉമാമന്ദിരത്തിന് ഉള്ളത്. നാട്ടുകാർക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടിൽ സർവ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കും അടുപ്പക്കാർക്കും മാത്രം. അകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിസരവാസികൾക്ക് അറിയാവുന്നത് തീരെക്കുറച്ചു കാര്യങ്ങൾ.ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങളുടെ പരമ്പരയിൽ രണ്ടു വർഷം മുമ്പായിരുന്നു അവസാനത്തെ മരണം. കൂടത്തിൽ ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻ നാരായണപിള്ളയുടെ മകനും തറവാട്ടു സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവൻ നായർ ആയിരുന്നു ആ ഏഴാമൻ. ജയമാധവന്റെ മരണശേഷം കാര്യസ്ഥൻ രവീന്ദ്രൻ നായർ വ്യാജരേഖയുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കിയെന്നാണ് പരാതി.
ജയമാധവന്റെ മരണത്തിന് ശേഷം കൂടത്തിൽ തറവാട്ടിലേക്ക് ബന്ധുക്കളുടെ വരവു നിലച്ചു. ഇതോടെ ആൾതാമസമില്ലാതിരുന്ന വീടും പരിസരവും കാടുപിടിച്ച് ഭാർഗവീനിലയം പോലെയായി. ഓടുപാകിയ വീടിന്റെ മേൽക്കൂര ദ്രവിച്ച് വെള്ളമിറങ്ങി ചുവരുകൾ ഇടിഞ്ഞു. വരാന്തയിലും അകത്തെ മുറിയിലുമായി പഴക്കംചെന്ന കുറേ വീട്ടുപകരണങ്ങളും കവറിലാക്കിയ കുറേ പുസ്തകങ്ങളും മാത്രം. ചുവരിൽ കുടുംബാംഗങ്ങളുടെ ഫോട്ടോകൾ. ദൂരെ താമസമുള്ള ഒരു ബന്ധു ഇടയ്‌ക്ക് കരമനയിലെത്തി കൂടത്തിൽ തറവാടിന്റെ ഗേറ്റ് തുറന്നു നോക്കും.കാലടിയിലും വെള്ളായണിയിലും ഇരുമ്പുപാലത്തും കാരയ്ക്കാമണ്ഡപത്തുമായി ഏക്കറു കണക്കിന് ഭൂമിയുണ്ട് കൂടത്തിൽ തറവാടിന്റേതായി. തിരുവനന്തപുരത്തു തന്നെ പലേടത്തായി വീടുകൾ. വലിയ ഭൂസ്വത്തുണ്ടെന്ന് നാട്ടുകാർക്ക് അറിയാമെന്നല്ലാതെ അതെല്ലാം ആരുടെ പേരിലെന്നോ, ആര് ആർക്ക് ഇഷ്ടദാനം നൽകിയെന്നോ ആർക്കുമറിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോപിനാഥൻ നായരുടെ സഹോദരനായ വേലുപ്പിള്ളയുടെ ഭാര്യ പ്രസന്നകുമാരി നൽകിയ പരാതിയെ തുടർന്ന് മാസങ്ങൾക്കു മുമ്പുതന്നെ ക്രൈംബ്രാഞ്ച് സംഘം രഹസ്യാന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഒരേ കുടുംബത്തിലെ ഏഴു മരണങ്ങളിൽ ദുരൂഹതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട് എങ്കിലും ലോക്കൽ പൊലീസ് കേസ് അവഗണിച്ചു.