video
play-sharp-fill
ഷാജുവുനേയും സഖറിയയേയും പൂട്ടാൻ കുരുക്കു മുറുക്കി പോലീസ് ; ചോദ്യം ചെയ്യലിനായി ഇരുവരും എസ് പി ഓഫീസിലെത്തി

ഷാജുവുനേയും സഖറിയയേയും പൂട്ടാൻ കുരുക്കു മുറുക്കി പോലീസ് ; ചോദ്യം ചെയ്യലിനായി ഇരുവരും എസ് പി ഓഫീസിലെത്തി

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും ഇദ്ദേഹത്തിന്റെ പിതാവ് സഖറിയാസും ചോദ്യം ചെയ്യലിനായി ഹാജരായി. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും വടകര എസ്.പി ഓഫിസിലെത്തിയത്. അന്വേഷണ സംഘം നേരത്തെ ഷാജുവിനെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈന്റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും ഇവരോട് ചോദിച്ചറിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിലിയെ മൂന്നുവട്ടം കൊലപ്പെടുത്താൻ ശ്രമിച്ചത് ഷാജുവിന് അറിയാമായിരുന്നതായി അന്വേഷണ സംഘത്തോട് ജോളി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളെപ്പറ്റിയും അന്വേഷണ സംഘം ഇവരോട് ചോദിക്കും.

അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരൻ റോജോ തോമസ് അമേരിക്കയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തി. ഇദ്ദേഹത്തെ പൊലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്.നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ റോജോ പൊലീസ് അകമ്പടിയോടെ കോട്ടയം വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് എത്തിയത്. ജോളിയുടെ ആദ്യഭർത്താവായ കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ.

അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നൽകുന്നതിനായി രൂപീകരിച്ച സംഘം ഇന്ന് കൂടത്തായിയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ വടകരയിലെത്തി റൂറൽ എസ്.പി കെ.ജി.സൈമണുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പരിശോധനയുടെ ഘടന നിശ്ചയിക്കുക. ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് എത്തുന്നത്. ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർ തുടങ്ങിയ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ഡി.ജി.പി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയത്.