play-sharp-fill
പണമുണ്ടാക്കാനായി സ്വകാര്യ മെഡിക്കൽ കോളേജിന്റെ വാടക രോഗി തട്ടിപ്പ് ; വർക്കല മെഡിക്കൽ കോളേജിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

പണമുണ്ടാക്കാനായി സ്വകാര്യ മെഡിക്കൽ കോളേജിന്റെ വാടക രോഗി തട്ടിപ്പ് ; വർക്കല മെഡിക്കൽ കോളേജിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

സ്വന്തം ലേഖിക

വർക്കല: വർക്കല എസ്.ആർ മെഡിക്കൽ കോളെജിൽ വാടക രോഗി തട്ടിപ്പിനെതിരെയുള്ള പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തു. ക്രിമിനിൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ വാടക രോഗികളെ ഇറക്കിയെന്ന കണ്ടെത്തലിലാണ് കേസെടുക്കുന്നത്. മെഡിക്കൽ കൗൺസിലിന്റെ പരിശോധനയ്ക്ക് മുമ്പായി ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ദൃശ്യങ്ങൾ കോളെജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ തന്നെയായിരുന്നു പുറത്തുവിട്ടത്.

ഈ വർഷം ജൂലൈയിലായിരുന്നു സംഭവം. സ്റ്റാൻറ് വിത്ത് സ്റ്റുഡൻറ്‌സ് ഓഫ് എസ്ആർ മെഡിക്കൽ കോളജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണു വിദ്യാർഥികൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മെഡിക്കൽ കോളെജിലേക്കായി രോഗികളെ വാഹനത്തിൽ കോളജിന്റെ പുറകിലൂടെ എത്തിക്കുകയും പിന്നീട് ഇവരെ വാർഡുകളിൽ രോഗികളായി കിടത്തുകയും ആയിരുന്നെന്നും പണം നൽകിയത് കൊണ്ടാണ് ഇവർ എത്തിയതെന്നുമാണ് വീഡിയോയിൽ പറയുന്നത്. വിദ്യാർത്ഥികൾ തന്നെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ എത്തിച്ച രോഗികൾക്കു പണം നൽകാതെ മെഡിക്കൽ കോളജ് അധികൃതർ പറ്റിക്കുകയും ചെയ്തു. രോഗികളായി എത്തിയവർ ഇക്കാര്യം വെളിപ്പെടുത്തുന്നതു ദൃശ്യങ്ങളിലുണ്ട്. ഏജൻറ് വഴി 100 മുതൽ 300 രൂപ വരെ വാഗ്ദാനം നൽകിയാണ് ഇവരെ കൊണ്ടുവന്നത്. പണം നൽകാത്തതിനാൽ രോഗികളായി എത്തിച്ചവർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കോളെജിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും അമിതമായ ഫീസ് നൽകി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കോളെജിൽ പഠിക്കുന്ന വിദ്യാർത്ഥികളെ എത്രയും വേഗം നല്ല സൗകര്യങ്ങളുള്ള മികച്ച കോളെജുകളിലേക്ക് മാറ്റാനുള്ള നടപടിയെടുക്കണമെന്നും വിജിലൻസ് റിപ്പേർട്ടിൽ നിർദേശങ്ങൾ വയ്ക്കുന്നുണ്ട്.