പണം നൽകുന്നതും പലിശ പിരിക്കുന്നതും ഗുണ്ടകൾ: നഗരം കീഴടക്കാൻ ബ്ലേഡ് മാഫിയയ്ക്ക് ഗുണ്ടാ സംഘങ്ങളുടെ തണൽ; വീണ്ടും കുബേരൻമാർ ഗുണ്ടാ സംഘങ്ങളുടെ തണലിൽ രംഗത്ത്
സ്വന്തം ലേഖകൻ
കോട്ടയം:
ഒരിടവേളയ്ക്ക് ശേഷം നഗരം കീഴടക്കാൻ ഗുണ്ടാ സംഘങ്ങളുടെ തണലിൽ ബ്ലേഡ് മാഫിയ ചിറക് വിരിക്കുന്നു. ഗുണ്ടാ നേതാക്കളായ അലോട്ടിയും, വിനീത് സഞ്ജയനും ജയിലിലായതോടെയാണ് ബ്ലേഡ് മാഫിയ ഇടപാടുകൾക്ക് ഗുണ്ടാ സംഘം നൽകുന്ന തണൽ സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ബ്ലേഡ് ഇടപാടുകളുമായി ബന്ധപ്പെട്ട് പണം പലിശയ്ക്ക് നൽകിയ ശേഷം ആളുകളെ ഭീഷണിപ്പെടുത്തിയ തുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് , ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലോട്ടിയും വിനീത് സഞ്ജയനും അറസ്റ്റിലായതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാനുള്ള ജില്ലയിലെ ബ്ലേഡ് മാഫിയ – ഗുണ്ടാ സംഘങ്ങളുടെ ശ്രമമാണ് പൊളിഞ്ഞത്.
കോട്ടയം നഗരമധ്യത്തിൽ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ആർപ്പൂക്കര കൊപ്രായിൽ ജെയിസ്‌മോൻ ജേക്കബിനെ (അലോട്ടി -25) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്മനത്തെ കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐ നേതാവിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും, വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അയ്മനം മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയനെ (30) പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഇരുവരും പിടിയിലായതോടെയാണ് ബ്ലേഡ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവർ ഭീഷണിപ്പെടുത്തിയ ആളുകൾ പരാതിയുമായി രംഗത്തിറങ്ങിയത്. ഇതിനിടെ ബ്ലേഡ് മാഫിയയിൽ നിന്നും പണം വാ്ങ്ങിയ യുവാവിനെ അലോട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോകോൾ റെക്കോർഡും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ഗുണ്ടാ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് അലോട്ടിയും സംഘവും ബ്ലേഡ് ഇടപാടുകാരുടെ സഹായിയായി കൂടിയത്. പണം പലിശയ്ക്കു നൽകുന്നതും, പണം തിരികെ പിരിക്കുന്നതും ഈ ഗുണ്ടാ സംഘങ്ങളായിരുന്നു. ഏറ്റുമാനൂരിലെ വിവാദ തട്ടിപ്പുകാരിയായ വനിതയും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബ്ലേഡ് ഇടപാടുകാരിയായ യുവതിയും, പനമ്പാലം സ്വദേശിയായ ഇരട്ടപ്പേരുള്ള ബ്ലേഡുകാരനും, ഏറ്റുമാനൂർ 101 കവലയിലെ ബ്ലേഡ് ഇടപാടുകാരനും, നഗരത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ചു ബ്ലേഡ് ഇടപാടു നടത്തുന്നവരുമാണ് അലോട്ടിയ്ക്ക് പണം നൽകിയിരുന്നത്.
25,000 രൂപയ്ക്ക് പത്ത് ദിവസത്തേയ്ക്ക് അയ്യായിരം രൂപയാണ് പലിശ. ഇത്തരത്തിൽ കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ വാഹനം പണയത്തിലെടുത്ത ശേഷം അലോട്ടിയുടെ മധ്യസ്ഥതയിൽ പണം കടം നൽകിയിരുന്നു. ഈ തുക തിരികെ നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ അലോട്ടി യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ അസഭ്യം പറയുകയും ചെയ്തു. അലോട്ടിയുടെ ഭീഷണിയിൽ ഭയന്നു പോയ യുവാവ് നാടു വിട്ട് പോകുകയായിരുന്നു. തുടർന്ന്, അലോട്ടി അറസ്റ്റിലായതോടെയാണ് ഇയാൾ തിരികെ എത്തിയത്.
വാഹനം പണയത്തിലെടുത്ത ശേഷം പണം അടയ്ക്കാതെ വന്നതോടെ ഏറ്റുമാനൂർ സ്വദേശിയുടെ വാഹനം നശിപ്പിക്കാൻ ശ്രമിച്ച കേസിലും അലോട്ടിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ പലിശയ്ക്ക് നൽകിയ ശേഷം മാസം നാൽപ്പതിനായിരം രൂപയായിരുന്നു പലിശയായി ഈടാക്കിയിരുന്നത്. ഈ തുക അടയ്ക്കാൻ വീഴ്ച വരുത്തിയ ഇടപാടുകാരനോട് 1.80 ലക്ഷം രൂപ നൽകണമെന്ന് അലോട്ടി ആവശ്യപ്പെട്ടു. ഇത് നൽകാൻ തയ്യാറാകാതെ വന്നതോടെ അലോട്ടി ഇയാളെ ഭീഷണിപ്പെടുത്തി. ഇയാളുടെ വാഹനവും, സ്ഥലത്തിന്റെ ആധാരവും അലോട്ടിയ്ക്ക് പണം നൽകിയ ബ്ലേഡ് കാരന്റെ കൈവശമായിരുന്നു. അലോട്ടി അറസ്റ്റിലായതോടെ ഇയാളും ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അലോട്ടി തിരുനക്കരയിൽ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നിന് ആരംഭിക്കാൻ ഇരിക്കുകയാണ്. ബ്ലേഡ് മാഫിയ സംഘത്തിന്റെ സഹായത്തോടെ അലോട്ടി ഈ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അലോട്ടി ജയിലിലായിരിക്കുന്നത്. നേരത്തെ ഗാന്ധിനഗർ എസ്.ഐയെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അലോട്ടിയ്‌ക്കെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം നഗരമധ്യത്തിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് ബ്ലേഡ് ഇടപാടുകൾ വ്യാപിപ്പിക്കാനും, ക്വട്ടേഷൻ നടത്താനുമായിരുന്നു അലോട്ടി പദ്ധതി തയ്യാറാക്കിയിരുന്നത്. നിരവധി ആളുകളുടെ പാസ്‌പോർട്ടും മ്റ്റു രേഖകളും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അലോട്ടി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്നതായും പൊലസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു യുവതിയുടെ പേരിലുള്ള വണ്ടി പണയത്തിന് പിടിച്ചിരുന്നതാണ് അലോട്ടി ്ക്വട്ടേഷൻ ആക്രമണങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. ജില്ലയിലെ ബ്ലേഡ് മാഫിയ – ഗുണ്ടാ സംഘങ്ങളുടെ ബന്ധം സംബന്ധിച്ചു കൃത്യമായ സൂചന ലഭിച്ച സാഹചര്യത്തിൽ ശക്തമായ നടപടികൾക്ക് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു നിർദേശം നൽകിയിട്ടുണ്ട്. ഡിവൈഎസ്പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Related
Third Eye News Live
0