play-sharp-fill
മെഡിക്കൽ കോളേജിനു സമീപത്തെ ഡയനോവ ലാബിന്റെ ഗുരുതരമായ പിഴവ്: കാൻസറില്ലാത്ത രജനിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി: രജനിയ്ക്ക് സർക്കാർ മൂന്നു ലക്ഷം രൂപ നൽകും; തുക മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്നും ഈടാക്കണമെന്ന് ആവശ്യം

മെഡിക്കൽ കോളേജിനു സമീപത്തെ ഡയനോവ ലാബിന്റെ ഗുരുതരമായ പിഴവ്: കാൻസറില്ലാത്ത രജനിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി: രജനിയ്ക്ക് സർക്കാർ മൂന്നു ലക്ഷം രൂപ നൽകും; തുക മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്നും ഈടാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ
കോട്ടയം: കാൻസർ രോഗമില്ലാതെ കീമോതെറാപ്പിയ്ക്ക് വിധേയയാകേണ്ടി വന്ന രജനിയ്ക്ക് സർക്കാർ മൂന്നു ലക്ഷം രൂപ ധനസഹായം നൽകും. ഇതിനായി മന്ത്രിസഭാ യോഗം തീരുമാനം എടുത്തു. എന്നാൽ, സാധാരണക്കാർ നൽകുന്ന നികുതിപ്പണത്തിൽ നിന്നും രജനിയ്ക്ക് പണം നൽകാതെ ഡോക്ടർമാരുടെ ശമ്പളത്തിൽ നിന്നും തുക പിടിച്ച് നൽകണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇതിന് പകരം സർക്കാരിന്റെ ശക്തമായ നടപടികളിലൂടെ ഇവരെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും പണം തിരികെ പിടിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഡോക്ടർമാരിൽ നിന്നും പരിശോധനാ ഫലം തെറ്റായി നൽകിയ ഡയനോവ ലാബിൽ നിന്നും തുക കണ്ടെത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഡയനോവ എന്ന സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ തെറാപ്പി ചെയ്ത്. ചികിത്സാപിഴവിനെ കുറിച്ച് പുറത്തുവന്നപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് സംഘം സർക്കാരിന് സമർപ്പിച്ചിരുന്നു. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂൺ മാസത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.
കാൻസർ ഇല്ലാതെ നൽകിയ കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാച്ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി വൈകിയതോടെ ദിവസങ്ങൾക്ക് മുൻപ് ഇവർ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തുകയും ചെയ്തു.
രോഗനിർണയം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക,നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് ഇവർ സമരത്തിനിറങ്ങിയത്. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കാൻസറില്ലാതെ കാൻസറിന്റെ ചികിൽസയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട് കുടശനാട് സ്വദേശിനി രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും. മാറിടത്തിലെ ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിൽസയുടെ ബാക്കിയാണ് പാർശ്വഫലങ്ങൾ. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടിയത്. ആദ്യ കീമോതെറപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ ഡയനോവാ ലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി.കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.