video
play-sharp-fill

ടാറിൽ വെള്ളം ചേർത്ത് പൊതുമരാമത്ത് വകുപ്പിന്റെ മുട്ടൻ തട്ടിപ്പ്: അഴിമതി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ്; ലാബ് പരിശോധനാ ഫലം കാത്ത് വിജിലൻസ് സംഘം

ടാറിൽ വെള്ളം ചേർത്ത് പൊതുമരാമത്ത് വകുപ്പിന്റെ മുട്ടൻ തട്ടിപ്പ്: അഴിമതി തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ്; ലാബ് പരിശോധനാ ഫലം കാത്ത് വിജിലൻസ് സംഘം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ടാറിൽ വെള്ളം ചേർത്ത് നാട്ടുകാരെ പറ്റിക്കുന്ന പൊതുമരാമത്ത് വകുപ്പിന് വിജിലൻസിന്റെ മുട്ടൻ പണി വരുന്നു. ജില്ലയിലെ മൂന്നു റോഡുകളിൽ നിന്നും ശേഖരിച്ച ടാറിന്റെ സാമ്പിളുകൾ പരിശോധിച്ച ശേഷം അഴിമതി ഉറപ്പിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയ്ക്കാണ് വിജിലൻസ് ഒരുങ്ങുന്നത്.
റോഡുകളുടെ നിർമ്മാണത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിൽ കോട്ടയം യൂണിറ്റ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. അടുത്ത കാലത്ത് ടാറിംങ് നടത്തിയ റോഡുകളിലും, ഇതുമായി ബന്ധപ്പെട്ട ഓഫിസുകളിലുമാണ് പരിശോധന നടത്തിയിരുന്നത്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫിസിലായിരുന്നു പരിശോധന.
കോട്ടയം ജില്ലയിൽ അടുത്തിടെ മാത്രം നിർമ്മാണം പൂർത്തിയാക്കിയ ചേന്നംപള്ളി – കങ്ങഴ റോഡ്, 54 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ തെങ്ങണ – പുന്നകുന്നം – കരിങ്കണ്ടം , 21 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി – മണിമല എന്നീ റോഡുകൾ നിർമ്മാണം പൂർത്തിയാക്കി വാറണ്ടി കാലാവധി പൂർത്തിയാകും മുൻപ് പൊളിഞ്ഞിരുന്നു. ഈ റോഡുകളെല്ലാം കൃത്യമായ ഗുണനിലവാരം ഇല്ലാതെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ ജില്ലകളിലും സമാനമായ ക്രമക്കേടുകൾ വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫയലുകൾ ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് റോഡുകളുടെ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ അടക്കം സ്വീകരിക്കും.
ഡിവൈ.എസ്.പിമാരായ എൻ.രാജൻ, റെക്സ് ബോബി അരവിൻ, എം.കെ മനോജ്, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, വി.എ നിഷാദ്മോൻ, ബിനോജ്, ജെർളിൻ വി.സ്‌കറിയ, കെ.സദൻ, ടിപ്സൺ തോമസ് മേക്കാടൻ, ഋഷികേശ് നായർ, ശൈലേഷ്‌കുമാർ, കെ.വി ബെന്നി, ബാബുക്കുട്ടൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.