കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കൊച്ചി: കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ് സി) മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച (സെപ്തംബര്‍ 22) ഉച്ച കഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദ്യ രോഗിക്ക് അനുമതിപത്രം നല്‍കികൊണ്ട് നിര്‍വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 1000 സൗജന്യ തിമിര ശസ്ത്രക്രിയ പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജൂബിലി പ്രോഗ്രാം ബ്രോഷര്‍ ബെന്നി ബെഹനാന്‍ എംപിയും ഐക്കോണിക് കാര്‍ഡ് വി.പി. സജീന്ദ്രന്‍ എംഎല്‍എയും പ്രകാശനം ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും 1000 സൗജന്യ തിമിര ശസ്ത്രക്രിയകള്‍ക്കും പുറമേ ഒരു വര്‍ഷത്തിനിടെ 10,000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടത്തുന്നതാണ്. ഇത് കൂടാതെ അര്‍ബുദ ചികിത്സാ പരിപാടികള്‍, പട്ടികവര്‍ഗ കോളനികളില്‍ ആരോഗ്യപരിപാലന പരിപാടികള്‍, മെഗാ മെഡിക്കല്‍ പ്രദര്‍ശനം, മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍, ബോധവല്‍കരണ പരിപാടികള്‍, തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവയും ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ആശുപത്രിയില്‍ ജനിക്കുന്ന തെരഞ്ഞെടുക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നടപ്പാക്കുന്ന നൂതന സംരംഭമാണ് ഐക്കോണിക് കാര്‍ഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1970 സെപ്തംബര്‍ 14-ന് 100 കിടക്കകളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ ഇന്ന് 1100 കിടക്കകളും 34 ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഇതര വകുപ്പുകളും ഉണ്ട്. ആശുപത്രിയില്‍ നിലവില്‍ 200 ഡോക്ടര്‍മാരും 1600 മറ്റ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈ കാലയളവില്‍ അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ ചികിത്സയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ആശുപത്രി നല്‍കിവരുന്നുണ്ട്. ഇതിന് പുറമേ ആറ് അനുബന്ധ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സൗജന്യ മെഡിക്കല്‍ സേവനവും നേത്രരോഗ പരിപാലനവും ലഹരി വിമുക്ത ചികിത്സകളും മെഡിക്കല്‍ ക്യാമ്പുകളും ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ ആശുപത്രി സിഇഒ ജോയ് പി. ജേക്കബ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ പ്രൊഫ. തോമസ് പി.വി, എച്ച് ആര്‍ മാനേജര്‍ അഡ്വ. ബിജോയ് കെ. തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു