play-sharp-fill
മരട് ഫ്‌ളാറ്റ്: കാശുകാരനു വേണ്ടി സർക്കാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ട്; ശബരിമലയിലെ സുപ്രീം കോടതി വിധിയിൽ ഇരുപക്ഷത്ത് നിന്ന ബിജെപിയും സിപിഎമ്മും ഒരമ്മ പെറ്റ മക്കൾ; അനധികൃതമായി ഫ്‌ളാറ്റ് പണിതവർ മാന്യന്മാർ; സാധാരണക്കാരായ ജനങ്ങൾ മണ്ടന്മാരായി

മരട് ഫ്‌ളാറ്റ്: കാശുകാരനു വേണ്ടി സർക്കാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ട്; ശബരിമലയിലെ സുപ്രീം കോടതി വിധിയിൽ ഇരുപക്ഷത്ത് നിന്ന ബിജെപിയും സിപിഎമ്മും ഒരമ്മ പെറ്റ മക്കൾ; അനധികൃതമായി ഫ്‌ളാറ്റ് പണിതവർ മാന്യന്മാർ; സാധാരണക്കാരായ ജനങ്ങൾ മണ്ടന്മാരായി

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതി വിധിയുണ്ടായപ്പോൾ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളും ഇതിനെ സർക്കാർ നേരിട്ട രീതിയും സാധാരണക്കാരായ ആളുകൾ മറന്നിട്ടില്ല. കേരളത്തെ കുരുതിക്കളമാക്കിയായുള്ള പോരാട്ടമാണ് രണ്ടു കക്ഷികളും ഇവിടെ നടത്തിയിരുന്നത്. സിപിഎമ്മും സർക്കാരും ഒരു വശത്തും ബിജെപിയും സംഘപരിവാർ സംഘടനകളും എതിർവശത്തും നിന്നുള്ള പോരാട്ടമാണ് നടന്നിരുന്നത്. എന്നാൽ, ഇവിടെ ന്യൂട്രൽ നിലപാട് സ്വീകരിച്ചത് കോൺഗ്രസായിരുന്നു. സുപ്രീം കോടതിവിധിയ്‌ക്കെതിരെ ഒരു ചർച്ചയും നടത്താതെ രാഷ്ട്രീയക്കാരും സർക്കാരും ഏറ്റുമുട്ടിയപ്പോൾ ശബരിമലയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് സാധാരണക്കാരായ ഭക്തരായിരുന്നു. എന്നാൽ, ഇവിടെ സാധാരണക്കാരെ മൈൻഡ് ചെയ്യാതെ സർക്കാരും രാഷ്ട്രീയക്കാരും ചേർന്ന് മരടിലെ ഫ്‌ളാറ്റ് ഉടമകളായ കോടീശ്വരൻമാർക്ക് വേണ്ടി നിലകൊള്ളുകയാണ്. സാധാരണക്കാരെ കൊള്ളടയിച്ച് സർക്കാരും ഇതിനു കൂട്ടുനിൽക്കുന്നു.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നതു സംബന്ധിച്ചു തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഫ്ളാറ്റിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി വിഷയം ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
ചെയ്യാത്ത തെറ്റിനാണ് സർക്കാർ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് സർവകക്ഷി സംഘത്തെ അയച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം മരടിലെ ഫ്ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കരുതെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവർത്തിച്ചു. ഫ്ളാറ്റ് നിർമ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഫ്ളാറ്റ് നിർമ്മാതാക്കൾ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആർ.എസ്പി ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആർ.എസ്പി അഭിപ്രായപ്പെട്ടു.ഫ്ളാറ്റ് പൊളിക്കാൻ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
അതേസമയം മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകാനാണ് നഗരസഭ നിലപാട്
ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ളാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസിന്റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ളാറ്റുകൾ. സെപ്റ്റംബർ 20 ആണ് ഫ്ളാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദ്ദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്ളാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
എന്നാൽ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്ളാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്റെയും വി എം സുധീരന്റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. പക്ഷേ, യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ട്. സിപിഐ സെക്രട്ടറി കാനം സർവ്വകക്ഷി യോഗത്തിലും ഇത് ആവർത്തിച്ചു.