play-sharp-fill
കോട്ടയം നഗരത്തിലെ ഓട്ടോകൾക്ക് മണികെട്ടാൻ കളക്ടർക്കുമായില്ല: മീറ്ററില്ലാതെ തലങ്ങും വിലങ്ങും യാത്രക്കാരെ പിഴിഞ്ഞ് ഓട്ടോറിക്ഷകൾ

കോട്ടയം നഗരത്തിലെ ഓട്ടോകൾക്ക് മണികെട്ടാൻ കളക്ടർക്കുമായില്ല: മീറ്ററില്ലാതെ തലങ്ങും വിലങ്ങും യാത്രക്കാരെ പിഴിഞ്ഞ് ഓട്ടോറിക്ഷകൾ

സ്വന്തം ലേഖകൻ
കോട്ടയം: മീറ്ററോ അതെന്താണ് എന്നുള്ള കോട്ടയം നഗരത്തിലെ നാട്ടുകാരുടെ ചോദ്യം. ജില്ലാ കളക്ടർ പ്രഖ്യാപിച്ച രണ്ടാം പരിധിയും കഴിഞ്ഞിട്ടും കോട്ടയത്തെ ഒറ്റ ഓട്ടോക്കാരനും മീറ്ററിട്ടില്ല.
അധികൃതർ കണ്ണടച്ചു; പിന്നെയും മീറ്ററില്ലാതെ ഓട്ടം
ചെറുദൂരത്തിനുപോലും അമിതചാർജ് ഈടാക്കിയായിരുന്നു യാത്ര. അമിതകൂലിയെച്ചൊല്ലി യാത്രക്കാരുമായി നിരന്തരം തർക്കം പതിവായ സാഹചര്യത്തിലാണ് സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ല കലക്ടർ പി.കെ.സുധീർബാബു ഉത്തരവിട്ടത്. നടപടി കർശനമാക്കിയതോടെ ‘മിന്നൽ പണിമുടക്കുമായി ഓട്ടോ തൊഴിലാളി സംയുക്ത യൂനിയൻ പ്രതിഷേധവുമായി രംഗത്തെത്തി. നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് 15ദിവസം സമയം നീട്ടിനൽകിയത്. ഒരുകിലോമീറ്റർ വരെയുള്ള ചെറിയഓട്ടത്തിനുപോലും ഓട്ടോക്കാർ 50രൂപയാണ് ഈടാക്കിയത്. രാത്രിയായാൽ നിരക്ക് തോന്നുംപടിയാണ്.
പുതിയ മോട്ടോർ വാഹനഭേദഗതി നിയമത്തിൽ പിഴത്തുക പകുതിയായി കുറക്കുന്നതടക്കമുള്ള കാര്യത്തിൽ ഇനിയും തീരുമാനകാത്തതാണ് പ്രധാനപ്രശ്‌നം. പുതിയനിയമത്തിന്റെ ചുവടുപിടിച്ച് ഓണക്കാലത്ത് നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നില്ല. ഇനി പിഴ ചുമത്തണമോയെന്ന എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിത്വത്തമുണ്ട്. മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോകൾക്ക് പുതിയ നിയമമനുസരിച്ച് പിഴ ചുമത്തിയാൽ 10,000 രൂപ ഒടുക്കണം. ഇത്തരം നീക്കവുമായി മുന്നോട്ടുപോയാൽ സർക്കാർ നടപടിക്ക് വിരുദ്ധമാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. തൊഴിലാളികളുടെ പ്രതിഷേധ സമർദ്ദം ശക്തമായി തുടരുന്നാണ് അധികൃതർ കണ്ണടക്കാൻ കാരണം. ഇതിനൊപ്പം പാലാ ഉപതെരഞ്ഞെടുപ്പും വന്നതോടെ  കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, മീറ്റർ ഘടിപ്പിക്കാൻ മുൻകൈയെടുക്കുന്ന അധികൃതർ ആദ്യം അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കണമെന്നാണ്‌ള  ഓട്ടോ ഡ്രൈവർമാരുടെ വാദം. നഗരത്തിൽ പെർമിറ്റില്ലാത്ത ഓട്ടോഡ്രൈവർമാരാണ് തോന്നിയ കൂലി ഈടാക്കി പേരുദോഷമുണ്ടാക്കുന്നതെന്നും ഇവർ പറയുന്നു. സമീപ പഞ്ചായത്തുകളിൽനിന്നു പോലും അനധികൃത ഓട്ടോകൾ സർവിസ് നടത്തുന്നുണ്ട്.