ഭരണങ്ങാനത്ത് പ്രാർത്ഥിച്ച്, നാടിന്റെ അനുഗ്രഹം സ്വന്തമാക്കി, ജനങ്ങളുടെ ആശിർവാദത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ മണ്ഡലപര്യടനത്തിന് തുടക്കമായി
സ്വന്തം ലേഖകൻ
പാലാ: ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൺസാമ്മയുടെ അനുഗ്രഹം നേടി, നാടിന്റെയും നാട്ടുകാരുടെയും ആശിർവാദങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പാലാ നിയോജക മണ്ഡലത്തിലെ തുറന്ന വാഹനത്തിലെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഓരോ സ്വീകരണ കേന്ദ്രത്തിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ പൈനാപ്പിൾ നൽകി സ്ഥാനാർത്ഥിയെ നാട്ടുകാർ സ്വീകരിച്ചു. ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ഓരോ പോയിന്റിലും ലഭിച്ചത്.
ചേർപ്പുങ്കൽ പള്ളിയ്ക്കു സമീപത്ത് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ തുറന്ന വാഹനത്തിലെ മണ്ഡലപര്യടന പരിപാടി എഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ വിജയം എന്ന നേട്ടം യുഡിഎഫ് പാലാ ഉപതിരഞ്ഞെടുപ്പിലും തുടർന്നുണ്ടാകുന്ന എല്ലാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നു ഉമ്മൻചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് ഒരു ആവശ്യം വന്നാൽ കണ്ടറിഞ്ഞ് സഹായിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു. അഞ്ചു വർഷം കേരളത്തിലെ ജനങ്ങളെ പരമാവധി സഹായിച്ചാണ് ഇവിടെ സർക്കാർ കഴിഞ്ഞിരുന്നത്. എന്നാൽ, കെ.എം മാണി സാറിന്റെ സ്വപ്‌ന പദ്ധതിയായ കാരുണ്യ പദ്ധതിയെ പോലും തകർക്കാനാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ ശ്രമിച്ചത്. കാരുണ്യ പദ്ധതിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് എൽഡിഎഫ് ചെയ്തത്. വയനാട് പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് ഒരു പൈസ പോലും നൽകി സർക്കാർ സഹായിച്ചില്ല. എല്ലാ രംഗത്തും ഈ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെ വേദനിപ്പിച്ച നവോത്ഥാന സമിതി തല്ലിപ്പിരിഞ്ഞു. നൽമയും തിന്മയും തമ്മിലുള്ള മത്സരമാണിവിടെ. നൻമയുടെ ഭാഗത്ത് അതിന്റെ മുഖമായി ഇവിടെ ജോസ് ടോം ഉണ്ടെന്നും, തിന്മയുടെ ശക്തമായ എൽഡിഎഫിന് ജനങ്ങളെ എന്നും ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇഷ്ടം. എന്നാൽ, യുഡിഎഫ് ഒറ്റക്കെട്ടായി എന്നും ജനങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണി എംപി, എംഎൽഎമാരായ എം.വിൻസെന്റ്, റോഷി അഗസ്റ്റിൻ, കെ.സി ജോസഫ്, ഡോ.എൻ ജയരാജ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യുഡിഎഫ് നേതാക്കളായ സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, പ്രൊഫ.സതീശ് ചൊള്ളാനി, സിബി പുറ്റനാനി, ജയ്‌മോൻ പരിപ്പീറ്റത്തോട്ട്, എ.കെ.ചന്ദ്രമോഹൻ, അനസ് കണ്ടത്തിൽ, ബെറ്റി റോയി, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
രാവിലെ കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ നിന്നുമാണ് തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. നൂറുകണക്കന് ബൈക്കുകളിൽ എത്തിയ യുവാക്കളുടെ നേതൃത്വത്തിലാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ച് ആനയിച്ചത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പൈനാപ്പിളും, പൈനാപ്പിൾ മാലയും അണിയിച്ചായിരുന്നു സ്വീകരണം. മേവട, മൂലേത്തുണ്ടി കോളനി, തോടനാൽ, മനക്കുന്ന്, കളപ്പുരകോളനി കൊഴുവനാൽ എന്നിവിടങ്ങളിൽ എല്ലാം സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം തന്നെ സ്ഥാനാർത്ഥിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കെ.എം മാണിയുടെ ഛായാചിത്രവും പ്ലക്കാർഡുകളും, സ്ഥാനാർത്ഥിയുടെ ചിഹ്നമായ പൈനാപ്പിളും കൈകളിൽ എന്തിയാണ് പല സ്ഥലത്തും സ്വീകരണം ഒരുക്കിയത്. ഉച്ചയ്ക്ക് ശേഷം മുത്തോലി പഞ്ചായത്തിലെ തുരുത്തിക്കുഴി ജംഗ്ഷനില്‍ നിന്നുമാണ് പര്യടനത്തിന് തുടക്കമായത്. ജോസ് കെ.മാണ് എംപിയും, തോമസ് ചാഴികാൻ എംപിയും തുറന്ന വാഹനത്തിലെ പ്രചാരണ് പ്രവർത്തനത്തിന് സ്ഥാനാർത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.
ജോസ് ടോമിന്റെ മണ്ഡല പര്യടനം ഇന്ന് ഭരണങ്ങാനം പഞ്ചായത്തിൽ നിന്നും ആരംഭിക്കും. പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് ഇന്ന് സ്ഥാനാർത്ഥി പര്യടനം നടത്തുക. ഉച്ചകഴിഞ്ഞ് 2.30 ന് കയ്യൂർ വാർഡിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. അരങ്ങാപ്പാറ, ഉള്ള നാട് പ്രവിത്താനം മാർക്കറ്റ്, ചൂണ്ടച്ചേരി ബാങ്ക് ജംഗ്ഷൻ, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, പാമ്പൂരാംപാറ, പഞ്ഞി കുന്നേൽപീടിക, പ്രവിത്താനം കവല എന്നിവിടങ്ങളിൽേ കോർണർ യോഗങ്ങൾ നടത്തും.
തിങ്കളാഴ്ച തലപ്പലം, കടനാട് പഞ്ചായത്തുകളിൽ യു.ഡി.എഫ് പര്യടനം നടത്തും.രാവിലെ 8 മണിക്ക് കളത്തു കടവിൽ ആരംഭിച്ച് ചിറ്റാന പാറയിൽ സമാപിക്കും – ഉച്ചകഴിഞ്ഞ് 3 മണിക്ക് കടനാട് പഞ്ചായത്തിലെ കുറുമണ്ണിൽ അരംഭിച്ച് വൈകിട്ട് 730 ന് കൊല്ലപ്പിള്ളിയിൽ സമാപിക്കും’
തിരഞ്ഞെടുപ്പിന്റെ അവസാന വട്ട പ്രചാരണത്തെപ്പറ്റി ആലോചിക്കുന്നതിനായി യുഡിഎഫിന്റെ യോഗം ഭരണങ്ങാനത്ത് നടന്നു. യുഡിഎഫിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ നിഷാ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ യുഡിഎഫിന്റെ വനിതാ പ്രവർത്തകരുടെ സ്‌ക്വാഡ് പാലാ ടൗണിൽ ജോസ് ടോമിനു വേണ്ടി പ്രചാരണത്തിനിറങ്ങി. വൻ പിൻതുണയാണ് പാലാ ടൗണിൽ ഇറങ്ങിയ വനിതാ സംഘത്തിന് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group