
പാലക്കാട്: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പരിശോധനയ്ക്കിടെ പാലക്കാട്ട് പോലീസിനു നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം.
അക്രമത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസർ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി ജിജീഷും ഇയാളുടെ കൂടെയുണ്ടായിരുന്ന സംഘത്തെയും പോലീസ് തല്‍ക്ഷണം കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് ആറുമണിയോടെ മലമ്പുഴ റോഡിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹേമാംബിക നഗർ പോലീസ് ശക്തമായ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഈ സമയം മലമ്പുഴ ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന ഒരു കാർ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് കൈകാട്ടി തടഞ്ഞു. തുടർന്ന് വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥൻ ഉള്‍പ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും പരിശോധനയില്‍ കാറിനുള്ളില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തതായും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടെ ആക്രമിച്ചതിനും ജിജീഷിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹേമാംബിക നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.







