
തിരുവനന്തപുരം: എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നല്കി ഉത്തരവായി.
ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉള്‍പ്പെടുത്തിയ പ്രൊപ്പോസല്‍ കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും, അതുസംബന്ധിച്ച വ്യവസ്ഥ ബൈലോയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയോടെ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അനുമതിയും നിയമാവലിക്കുള്ള അംഗീകാരവും നല്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രാദേശിക എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഈ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയില്‍ പ്രാദേശിക ലോക്സഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ ( പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപ്പറേഷൻ മേയർ) ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡ് മെമ്പർ, നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി എം ഡി നാമനിർദ്ദേശം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഒരു ഉദ്യോഗസ്ഥൻ, എന്നിവർ അംഗങ്ങളായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎല്‍എയുടെ അഭാവത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തില്‍ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസർ ആയിരിക്കും കണ്‍വീനർ. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്പോണ്‍സർഷിപ്പ്, സിഎസ്ആർ തുക എന്നിവ സ്വീകരിക്കും. കോർപ്പറേഷൻ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിർമ്മാണ / അറ്റകുറ്റപ്പണികള്‍ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണം.
ഈ കമ്മിറ്റികള്‍ കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്. ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു പൊതുവേദിയായാണ് കമ്മിറ്റി പ്രവർത്തിക്കുക.
ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങള്‍, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യും. കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.
സ്പോണ്‍സർഷിപ്പ്, കോർപ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതികള്‍, പൊതുജന സംഭാവനകള്‍, മറ്റ് നിയമാനുസൃത ധനസമാഹരണ മാർഗങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമായും കമ്മിറ്റി പ്രവർത്തിക്കും. ഇതുവഴി സർക്കാർ ഫണ്ടുകള്‍ക്ക് പുറമെ സമൂഹത്തിന്റെ പിന്തുണയും വികസന പ്രവർത്തനങ്ങള്‍ക്ക് ലഭ്യമാക്കാൻ സാധിക്കും. ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാർക്ക് കൂടുതല്‍ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെഎസ്ആർടിസിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ അറിയിച്ചു.






