
തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്റെ ഖേദ പ്രകടനം കണക്കിലെടുത്താണ് നടപടി. ഇന്ന് ചേര്‍ന്ന കെസിഎ സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ കെസിഎയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്.
കെസിഎയുടെ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ നല്കി. ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം ഐകകണ്ഠ്യേന തീരുമാനിച്ചത്.
എന്നാല്‍ ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നല്കി. വിലക്ക് പിന്‍വലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസണ് 3ല്‍ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group






