
തൊടുപുഴ: പാലായില്‍ നിന്ന് മൈസൂറിലേക്കുള്ള കെഎസ്‌ആര്‍ടിസി എ.സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത തൊടുപുഴ സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി.
യാത്ര പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് ബസ് റദ്ദാക്കിയതായി അറിയിപ്പ് കിട്ടി. അവസാന നിമിഷം ബസ് മുടങ്ങിയത് വലച്ച യാത്രികന്‍ മറ്റൊരു കെഎസ്‌ആര്‍ടിസി ബസില്‍ മൈസൂരിന് പോകാന്‍ ശ്രമിച്ചെങ്കിലും പാലക്കാട് വച്ച് ഡീസല്‍ തീര്‍ന്ന് വഴിയില്‍ കുടുങ്ങി.
കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നും ബംഗളൂരിന് പോകുന്ന എ.സി സ്ലീപ്പര്‍ക്ലാസ് ജൂണ്‍ 28 ന് രാത്രി പുറപ്പെടുന്ന ബസില്‍ മൈസൂരിനാണ് രണ്ടാഴ്ച മുന്‍പ് തൊടുപുഴ സ്വദേശി ടിക്കറ്റ് ബുക്ക് ചെയ്തത്. 28 ന് ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോഴാണ് ബസ് റദ്ദാക്കിയെന്ന വിവരം പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഒരു നമ്പരും നല്‍കി. പല തവണ വിളിച്ചിട്ടും ഈ നമ്പരില്‍ ഫോണ്‍ എടുത്തില്ല. പ്രതികരണമൊന്നും അറിയാന്‍ കഴിയാതെ വന്നതോടെ യാത്രികന്‍ സ്വകാര്യ ബസുകളെ സമീപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, എല്ലാ ബസുകളും പൂര്‍ണമായി റിസര്‍വ് ചെയ്തിരുന്നതിനാല്‍ ടിക്കറ്റ് കിട്ടിയില്ല. തുടര്‍ന്ന് കണക്ടിങ് ബസില്‍ പോകാന്‍ തീരുമാനിച്ചു. അതനുസരിച്ച് 29 ന് വൈകിട്ട് മൂന്നിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി ബസില്‍ മൈസൂരിന് ടിക്കറ്റ് ബുക്ക് ചെയ്തു. കോയമ്പത്തൂരിലെത്തുന്നതിനായി രാവിലെ ഏഴിന് തൊടുപുഴയില്‍ നിന്ന് പുറപ്പെടുന്ന സൂപ്പര്‍ഫാസ്റ്റിനെ ആശ്രയിച്ചു. ഈ ബസ് ഉച്ചയ്ക്ക് പാലക്കാട് ചെന്നപ്പോഴേക്കും ഡീസല്‍ തീര്‍ന്നത് കാരണം സര്‍വീസ് അവസാനിപ്പിച്ചു.
മൂന്ന് ഡിപ്പോകളില്‍ കയറിയിട്ടും ഡീസല്‍ കിട്ടാതെ വന്നപ്പോഴാണ് സര്‍വീസ് നിര്‍ത്തിയത്. പിന്നീട് ഇവിടെ നിന്ന് മറ്റൊരു ബസിലാണ് യാത്രികന്‍ കോയമ്പത്തൂരിലെത്തി യാത്ര തുടര്‍ന്നത്. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുന്നവരെ അവസാന നിമിഷം പെരുവഴിയിലാക്കുന്നത് കെഎസ്‌ആര്‍ടിസിയുടെ പതിവു പരിപാടിയാണ്. ചില യാത്രക്കാര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ച് നഷ്ടപരിഹാരവും നേടിയെടുത്തിട്ടുണ്ട്.







