
പാലക്കാട് : പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല. ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് പ്രശോഭിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. നേരത്തെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പ്രശോഭിന് ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്.ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സന്‍ ഒളിവില്‍ പോയിരുന്നു. മാസങ്ങളോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭ് വത്സന്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് പ്രശോഭ് വത്സന്‍ കീഴടങ്ങിയത്. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.






