
കോട്ടയം : ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും ഭക്ഷണം വില്ലനാകുമ്പോൾ പരിശോധന നടത്തുന്ന അധികൃതർ തട്ടുകടകളെ മന:പൂർവം ഒഴിവാക്കുന്നു.
ഏറ്റവും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകട ഭക്ഷണം കഴിച്ച് മറ്റൊരു ദുരന്തം ഉണ്ടായാലേ ഇനി തട്ടുകടയിൽ പരിശോധന നടത്തു.
മുളക് ബജി, മുട്ടബജി, കായബജി, പഴംപൊരി , ഉഴുന്നുവട…. കടയിലെ തട്ടില്‍ പലഹാരങ്ങള്‍ എല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല…
വൃത്തി ! ലൈസൻസ് വേണ്ട, ഹെല്‍ത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. വഴിയോരങ്ങളില്‍ പെരുകുന്ന തട്ടുകടകളുടെയും ബജ്ജിക്കടകളുടെയും അവസ്ഥ ഇതാണ്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കില്‍ വഴിയോരത്ത് ആർക്കും തട്ടിക്കൂട്ട് കട തുടങ്ങാം എന്നതാണ് സ്ഥിതി.
വാഹനം പാർക്ക് ചെയ്യാൻ അല്പം ഇടമുള്ള സ്ഥലത്താണേല്‍ പറയുകയേ വേണ്ട. തദ്ദേശസ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തതാണ് ഇതിനെല്ലാം ഇടയാക്കുന്നത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും, നിരവധിപ്പേർ ചികിത്സതേടുകയും ചെയ്തിട്ടും പരിശോധന ശക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം. പേരിന് ചില ഹോട്ടലുകളില്‍ പരിശോധന നടത്തുന്നവർ തട്ടുകടകളെ ഒഴിവാക്കുകയാണ്. ഇതിന് പിന്നില്‍ ഒത്തുകളിയെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചിത്വം തൊട്ടുതീണ്ടാതെ
നിർദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഭൂരിഭാഗം കടകളുടെയും പ്രവർത്തനം. ഉപയോഗിക്കുന്ന മാംസത്തിന്റേതുള്‍പ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല. നായ്ക്കളും എലികളും വട്ടമിടുന്ന അന്തരീക്ഷത്തിലാണ് പലതും പ്രവർത്തിക്കുന്നത്.
പാത്രങ്ങളും വെള്ളവും ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമൊക്കെ രോഗങ്ങള്‍ക്ക് കാരണമാകും. ക്രിമിനലുകളും, അന്യസംസ്ഥാന തൊഴിലാളികളുമൊക്കെയാണ് ഇത്തരം തട്ടുകടകളില്‍ ജീവനക്കാരേറെ.
മലിനജലം നിറഞ്ഞ അവസ്ഥയിലാണ് ഓടകളില്‍ പലതും
ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവർത്തനം
കടുത്ത ദുർഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്
പൊടിമുഴുവൻ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്
ഭക്ഷണപദാർത്ഥങ്ങള്‍ക്ക് ഗുണനിലവാരമില്ല
”തട്ടുകടകളില്‍ ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പരിശോധന വ്യാപകമാക്കണം.
പൊതുപ്രവർത്തകർ
പൊതു സ്ഥലം വാടകയ്ക്ക്
കോട്ടയം നഗരത്തിലെ ഒട്ടുമിക്ക തട്ടുകടകളും നടത്തുന്നവർ തറവാടക നൽകിയാണ്. അതായത് ആദ്യം ചെറിയൊരു തട്ടുകടയിട്ട് അത് വാടകയ്ക്ക് കൊടുക്കുന്ന ഒരു ടീം കോട്ടയത്തുണ്ട്. ദിവസ വാടകയാണ്. സർക്കാരിന്റെ റോഡും പുറമ്പോക്കും വാടകയ്ക്ക് നൽകി പണമുണ്ടാക്കുകയാണ് ചിലർ. വാടക നൽകിയില്ലെങ്കിൽ ഗുണ്ടകൾ ഇടപെട്ട് കട ആക്രമിക്കും.ഇത് പേടിച്ച് ദിവസവും വാടക നൽകി വരുന്നവരുണ്ട്.







