
കോഴിക്കോട്: നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയില്‍ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട നാലു പേരെ കൂടി ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി.
കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പെട്ട 22 പേരെയും കൂടി ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഇതില്‍ ഉള്‍പ്പെടും.
ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തില്‍നിന്ന് ക്വാറന്റീൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം ഏഴും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 34 ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ വളരെ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട നാലു പേരും ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട ഏഴു പേരും ഉള്‍പ്പെടെ 11 പേർ ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ട 52 പേർ നിരീക്ഷണത്തിലാണ്.
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ്പ ലക്ഷണങ്ങള്‍ ഉള്ളവരുടെ ഇടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 57 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ്പ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 95 ഫോണ്‍വിളി എത്തി.
സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഞായറാഴ്ചയും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടു. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.







