
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വി.എം. സുധീരന്റെ ആരോപണം ചരിത്രവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ വിമർശിച്ചതിന് പിന്നാലെ സ്വന്തം നിലപാട് ബാലൻസ് ചെയ്യാനാണ് സുധീരൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.
സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് ആദ്യമായി അനുമതി നൽകിയത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരാണെന്നും, തുടർന്ന് 2001-2006 കാലഘട്ടത്തിൽ എ.കെ. ആന്റണി-ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ടുപോയതെന്നും പിണറായി ആരോപിച്ചു. സുനാമിക്ക് ശേഷമുണ്ടായ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ചാണ് അന്നത്തെ യുഡിഎഫ് സർക്കാർ തീരുമാനങ്ങളെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ 2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചതെന്ന് പിണറായി വ്യക്തമാക്കി. കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ചപ്പോഴും പിന്നീട് കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സർക്കാർ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കേസ് മനഃപൂർവം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും, എന്നാൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് സ്വകാര്യ ഖനന പദ്ധതി നടപ്പാക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 മുതൽ 2026 വരെയുള്ള എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. 2023ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെയും കേരളം ശക്തമായി നിലപാട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കരിമണൽ ലോബിക്ക് അനുകൂലമായ നീക്കങ്ങളാണ് നിലവിലെ യുഡിഎഫ് സർക്കാരിന്റെ ബജറ്റിലുമുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകളാണ് യുഡിഎഫ് സർക്കാരുകൾ എക്കാലവും സ്വീകരിച്ചതെന്ന് ആരോപിച്ച പിണറായി വിജയൻ, ഈ വിഷയത്തിൽ മുൻപ് വി.എം. സുധീരൻ തന്നെയും യുഡിഎഫിനെതിരെ രംഗത്തെത്തിയിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ന്യായീകരിക്കാനാണ് ഇപ്പോൾ സുധീരൻ ചരിത്രവസ്തുതകൾക്ക് നിരക്കാത്ത പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






