Spread the love

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തില്‍ നാടകീയ നീക്കങ്ങള്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കങ്ങള്‍ ദുരൂഹമായ കാരണങ്ങളാല്‍ പ്രതിസന്ധിയിലായി. കേസില്‍ അതീവ നിര്‍ണായകമായ ആദായനികുതി റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ള 134 പേജുള്ള റിപ്പോര്‍ട്ട് മറ്റൊരു കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) ഇഡിക്ക് കൈമാറാത്തതാണ് നിലവിലെ തടസ്സം. ഇതോടെ വീണയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അണിയറയില്‍ ഒത്തുകളിക്കുകയാണോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമായി.

video
play-sharp-fill

സാമ്പത്തിക ഇടപാടുകളുടെ സകല ജാതകവും അടങ്ങിയ 134 നിര്‍ണായക രേഖകളാണ് പിഎംഎല്‍എ കോടതി വഴി ഇഡിക്ക് ലഭിക്കാനുള്ളത്. പത്തു ദിവസത്തിനകം ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി എസ്‌എഫ്‌ഐഒയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കള്ളപ്പണ ഇടപാടിലെ ഏറ്റവും നിര്‍ണായക വിവരങ്ങളടങ്ങിയ ഈ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ വീണയെ അടുത്ത ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ ഇഡിക്ക് സാധിക്കൂ. കേന്ദ്ര ഏജന്‍സികള്‍ തമ്മിലുള്ള ഈ അനാവശ്യ കാലതാമസം അണിയറയിലെ രാഷ്ട്രീയ ധാരണകളുടെ ഭാഗമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇഡി കഴിഞ്ഞദിവസം വീണയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ലോക്കറില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍കൂട്ടി വിവരം ലഭിച്ചതുപോലെ ലോക്കര്‍ നേരത്തെ തന്നെ ശൂന്യമാക്കപ്പെട്ടതാണോ എന്നതിലും ദുരൂഹതയേറുകയാണ്. ലോക്കര്‍ പരിശോധന വെറും പ്രഹസനമാക്കി മാറ്റി അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന ആക്ഷേപവും ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍നിന്ന് യാതൊരുവിധ സേവനവും നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. സേവനം നല്‍കാതെ കോടികള്‍ അക്കൗണ്ടിലെത്തിയത് കള്ളപ്പണ വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമായിട്ടും തുടര്‍നടപടികള്‍ മന്ദഗതിയിലാകുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. ആദ്യഘട്ടത്തില്‍ അതിവേഗം നീങ്ങിയ അന്വേഷണം ഇപ്പോള്‍ എങ്ങുമെത്താതെ നില്‍ക്കുന്നത് അണിയറയിലെ വലിയ കളികളുടെ തെളിവാണ്.
ഭരണമാറ്റവും പുതിയ രാഷ്ട്രീയ പശ്ചാത്തലങ്ങളും കഴിഞ്ഞ സാഹചര്യത്തില്‍, കേന്ദ്രത്തിലെ ഭരണകക്ഷിയും ഇപ്പോഴത്തെ പ്രതിപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അന്വേഷണം മന്ദഗതിയിലാക്കാന്‍ കാരണമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആരോപണമുണ്ട്.

വീണയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങേണ്ട കേസ്, രേഖകളുടെ കൈമാറ്റം വൈകിപ്പിച്ച്‌ മനഃപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നോ എന്ന സംശയവും ശക്തമാണ്.
കോടതി കര്‍ശന നിലപാട് സ്വീകരിച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ തമ്മിലുള്ള ഈ ഒളിച്ചുകളി എക്‌സാലോജിക് കേസിന്റെ ഭാവി തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് നിയമവിദഗ്ദ്ധരും പൊതുസമൂഹവും. വരും ദിവസങ്ങളില്‍ കോടതി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മാസപ്പടി കേസിന്റെ ഭാവി. കേന്ദ്ര ഏജന്‍സികളുടെ ഈ മൗനവും ഒളിച്ചുകളിയും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നുറപ്പാണ്