
ഇടുക്കി: ഉടുമ്പൻചോലയില്‍ അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, തുടർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് ബന്ധുക്കള്‍ പോലീസിന്റെ പിടിയിലായി.
അരുവിളംചാല്‍ സ്വദേശി മണികണ്ഠനെ (45) ആക്രമിച്ച കേസില്‍ കൊച്ചറ സ്വദേശി നിതീഷ് കുമാർ, ഇയാളുടെ അളിയന്മാരായ മഹേഷ്, അശ്വിൻ എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്.
മാൻകുത്തിമേട്ടില്‍ വെച്ചായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള ക്രൂരമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളായ മഹേഷും അശ്വിനും താമസിക്കുന്ന മാൻകുത്തിമേട്ടിലേക്ക് മണികണ്ഠനെ പ്രതികള്‍ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് റോഡരികിലെ ഷെഡില്‍ വെച്ച് മണികണ്ഠനും പ്രതികളും തമ്മില്‍ വാക്കുതർക്കമുണ്ടായി.
ഇതിനിടെ നിതീഷ് കുമാർ മണികണ്ഠന്റെ ഇടതു കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, മഹേഷും അശ്വിനും ചേർന്ന് വടികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയുമായിരുന്നു എന്ന് മണികണ്ഠൻ പോലീസിന് മൊഴി നല്‍കി.
ആക്രമണത്തിന് ശേഷം ചോര വാർന്ന നിലയിലായ മണികണ്ഠനെ പ്രതികള്‍ അദ്ദേഹം വന്ന ജീപ്പിന്റെ പിൻസീറ്റില്‍ കിടത്തി. തുടർന്ന് തേവാരംമെട്ടിന് സമീപമുള്ള വലിയ ഇറക്കത്തില്‍ വെച്ച് ജീപ്പ് ന്യൂട്രലിലാക്കിയ ശേഷം താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിവിടുകയായിരുന്നു.
വാഹനാപകടമെന്ന് വരുത്തിതീർത്ത് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ഭാഗ്യം കൊണ്ട് ജീപ്പ് വഴിയിലുണ്ടായിരുന്ന മരത്തിലിടിച്ചു നിന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.







