
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും നിലനിർത്താൻ യോഗ നമ്മെ സഹായിക്കുന്നു.
യോഗ നമ്മുടെ ശീലമാക്കി ജീവിതം മെച്ചപ്പെടുത്താം. പാലാ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം കൺസൾട്ടന്റ് ആൻഡ് കോഓർഡിനേറ്റർ ഡോ.പൂജ ടി.അമൽ യോഗ ദിനത്തിന്റെ പ്രാധ്യാന്യത്തെ ക്കുറിച്ച് സംസാരിക്കുന്നു
ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതീകമാണ് യോഗ. ശരീരത്തിനും മനസ്സിനും ഉണർവ് പകരാൻ ചിട്ടയായ യോഗ പരിശീലനം ഉപകരിക്കും. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ സമ്മർദ്ദം കുറയ്ക്കാനും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ വലിയ പങ്കുവഹിക്കുന്നു.
യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു വരുന്നു. ആരോഗ്യമുള്ള സമൂഹത്തിനും സന്തുലിതമായ ജീവിതത്തിനും യോഗ ഒരു മികച്ച മാർഗമാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നട്ടെല്ലിന്റെ ആരോഗ്യത്തിനായുള്ള യോഗ ഈ ദിനത്തിൽ പരിചയപ്പെടാം.
നമ്മുടെ ശരീരത്തെ നിവർന്നു നിൽക്കുവാൻ സഹായിക്കുകയും അനവധി ശരീരഭാഗങ്ങളുടെ സംയോജിത പ്രവർത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് നട്ടെല്ല്.
അമിത ശാരീരിക അധ്വാനം ഉള്ളവരിലും, തീര്‍ത്തും അലസ ജീവിതം നയിക്കുന്നവരിലും ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് നടുവേദനയും കഴുത്തുവേദനയും .
വ്യായാമക്കുറവ്, ശാരീരിക പരിചരണക്കുറവ്, സ്വന്തം വ്യായാമ പരിധിയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ലളിതമായ ചില യോഗാസനങ്ങൾ നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയായി നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.
നട്ടെല്ലിനായുള്ള പ്രധാന യോഗാസനങ്ങൾ:
ഭുജംഗാസനം (Cobra Pose) – ശരിയായ രീതിയിലൽ ചെയ്യുമ്പോൾ, നട്ടെല്ലിന്റെ ഓരോ കശേരുക്കളുടെയും വഴക്കം വർദ്ധിപ്പിക്കുകയും, കഠിനത കുറയ്ക്കുകയും ശരീരത്തിന്റെ Posture മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബാലാസനം (Child’s Pose)- ഇടുപ്പും നട്ടെല്ലും മെല്ലെ ശക്തിപ്പെടുത്തുന്നു. പുറം വേദന ബുദ്ധിമുട്ട്, posture മാറ്റത്തിലെ ബുദ്ധിമുട്ട് ഇവ കുറയ്ക്കാൻ ഇത് സഹായകരമാണ്.
സുപ്ത മത്സ്യേന്ദ്രാസനം (Supine Spinal Twist) – നട്ടെല്ല് നല്ലതുപോലെ നിവർത്തി സ്വാഭാവിക ചലനപരിധി വർദ്ധിപ്പിക്കുന്നു. വശത്തേക്ക് വളയൽ, തിരിവ്, കഴുത്തിന്റെയും പുറത്തിന്റെയും ചലനം എന്നിവ മെച്ചപ്പെടുത്തുന്നു.
• സേതുബന്ധാസനം (Bridge ) – കഴുത്തും പുറവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി നട്ടെല്ല് ശരിയായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ വയർ, നടുവ്, കാലുകൾ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തി Posture നല്ല രീതിയിൽ തന്നെ മെച്ചപ്പെടുത്തുന്നു.
യോഗയുടെ യഥാർത്ഥ ഗുണഫലം ലഭിക്കുന്നത് ശരീരചലനങ്ങളെ ശ്വാസത്തോടും, അനുഭൂതിയോടും , തിരിച്ചറിവോടും കൂടി ചേർത്തു നിർത്തി ഏകോപിപ്പിക്കുമ്പോഴാണ്. ഈ സമഗ്ര സമീപനം വ്യക്തിക്ക് ശാരീരിക, മാനസിക, വികാരപരമായ ഗുണം ചെയ്യുന്നു.







