
തൃശൂർ: തൃപ്രയാറില്‍ കാർ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. വ്യാജ നമ്പർ പ്ലേറ്റ് ഉള്ള സില്‍വർ കളർ ഇന്നോവ കാറില്‍ എത്തിയ സംഘമാണ് ആക്രമണത്തിനും കവർച്ചക്കും നേതൃത്വം നല്‍കിയത്.
പാലക്കാട് വിളയൂരിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗം മുഹമ്മദ് റാഫി ഉള്‍പ്പെടെയുള്ള സംഘത്തെ ആക്രമിച്ച ശേഷമാണ് പണം കവർന്നത്. രൂപ ഡോളറാക്കി മാറ്റി നല്‍കാമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരില്‍ നിന്നും പണം തട്ടിയത്. തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിക്കുകയും 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഞ്ജിത്തിന്റെ വീട്ടില്‍ വെച്ച് രൂപാ ഡോളർ ആക്കി നല്‍കാമെന്ന ഉറപ്പില്‍ കോൺഗ്രസ് നേതാവ് അടക്കമുള്ളവരെ പ്രധാന പാതയില്‍ നിന്നും ഇടറോഡില്‍ എത്തിക്കുകയായിരുന്നു. വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന രഞ്ജിത്ത് ഇവരുടെ വാഹനത്തില്‍ കയറി. പിന്നീട് വീട് എത്താറായെന്ന് പറഞ്ഞ് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്ത് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീടായിരുന്നു അക്രമണം. തുടർന്ന് രഞ്ജിത്തും ആക്രമണ സംഘത്തിനൊപ്പം രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്.







