
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്.
പദ്ധതി നടപ്പാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് എട്ടിന് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പദ്ധതി പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നതായി മുന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സമിതി തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നും ഈ കത്തില്‍ പറയുന്നു.
പദ്ധതി നടപ്പിലാക്കുന്നതില്‍ അനാവശ്യമായ കാലതാമസം ഉണ്ടാകാന്‍ ഇത് കാരണമായെന്നും വിമര്‍ശനമുണ്ട്. മുന്‍ സര്‍ക്കാരിന് സ്കൂളുകള്‍ തെരഞ്ഞെടുക്കാനും സാധിച്ചില്ല. പദ്ധതി പൂര്‍ത്തിയാകാന്‍ ഇനി പരിമിതമായ സമയം മാത്രമാണ് ബാക്കിയുള്ളത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രം കത്തില്‍ നിര്‍ദേശിച്ചിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നപടികള്‍ സ്വീകരിച്ചത്. മുന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ നിന്ന് പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പദ്ധതിയില്‍ ഒപ്പിട്ട പഞ്ചാബ് സര്‍ക്കാര്‍ പിന്നീട് പിന്മാറിയിരുന്നുവെന്നും പശ്ചിമ ബംഗാള്‍ പദ്ധതി നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നതായി മുന്‍ പൊതുവിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പിട്ട് ആദ്യ ഗഡു കൈപ്പറ്റിയെന്ന യുഡിഎഫിന്റെ വാദവും പ്രതിപക്ഷം നിഷേധിച്ചിരുന്നു.
നിലവില്‍ പിഎം ശ്രീ പദ്ധതി പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാരും മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് ആണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.







