
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ഗവണ്മെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു.
കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്തെ വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ് (21) നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് കോണിപ്പടിയും മൂന്നാം നിലയും കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന നായ യുവാവിന് നേരെ ചാടിവീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈവീശി പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് അബിന്റെ കൈയില്‍ കടിയേറ്റത്. കൃത്യസമയത്ത് കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ നായ ശരീരത്തിലേക്ക് ചാടിവീണ് മാരകമായ പരിക്കേല്‍ക്കുമായിരുന്നുവെന്ന് അബിൻ വ്യക്തമാക്കുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ ലാബ് ജീവനക്കാർ കൈ സോപ്പിട്ട് കഴുകുകയും ആശുപത്രിയില്‍ നിന്ന് തന്നെ അടിയന്തര പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു.
അതേസമയം, മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്തും ഉള്ളിലും തെരുവ് നായ ശല്യം വലിയ ഭീഷണിയാണെന്ന് രോഗികളും നാട്ടുകാരും ഒരുപോലെ പരാതിപ്പെടുന്നു. എന്നാല്‍, നിലവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വീഴ്ചകള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ.യുടെ ചുമതല വഹിക്കുന്ന ബി. സന്തോഷ് അറിയിച്ചു.







