
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയം മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന നിരവധി വികസന പദ്ധതികള്‍ക്ക് ബജറ്റിലൂടെ പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.
ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഇതിനായി പതിനഞ്ചു കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കോട്ടയം മുനിസിപ്പല്‍ മേഖലയിലെ ഐ.ടി. പാര്‍ക്ക് പദ്ധതിക്കും അംഗീകാരം നല്‍കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിച്ചിട്ടുണ്ട്. ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനും കഞ്ഞിക്കുഴി ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ബജറ്റില്‍ അനുമതി ലഭിച്ചു. നെഹ്രു സ്റ്റേഡിയം നവീകരണ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വടവാതൂര്‍-കളത്തിപ്പടി-പൊന്‍പള്ളി റോഡ് ഉള്‍പ്പെടെ കോട്ടയം മണ്ഡലത്തിലെ നിരവധി പ്രധാന റോഡുകളുടെ നിര്‍മ്മാണവും നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കോട്ടയം പി.ഡബ്ല്യു.ഡി ഓഫീസ് കെട്ടിട നിര്‍മ്മാണം, തിരുനക്കര മിനി സിവില്‍ സ്റ്റേഷന്റെ ബി.സി. ബ്ലോക്കുകളുടെ പൂര്‍ത്തീകരണം, നട്ടാശ്ശേരി-സൂര്യകാലടി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പുനരാരംഭിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. ദീര്‍ഘകാലമായി കാത്തിരുന്ന വികസന പദ്ധതികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ബജറ്റാണിതെന്നും, കോട്ടയത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണിതെന്നും വിലയിരുത്തപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






