
പത്തനംതിട്ട: കേരളത്തിലെ സാധാരണക്കാരായ മദ്യപാനികളുടെ ജനപ്രിയ ബ്രാന്‍ഡായ ‘ജവാന്‍’ റമ്മിന്റെ ഉത്പാദനം പൂര്‍ണ്ണമായി മുടങ്ങിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ അട്ടിമറിയോ?
സംസ്ഥാനത്തെ വലിയൊരു വിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനുള്ള ആസൂത്രണമാണോ ഇതിന് പിന്നിലെന്ന സംശയം ശക്തമാകുന്നു. ബെവ്‌കോയും ഉത്പാദന ചുമതലയുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സും തമ്മിലുള്ള ഏകോപനമില്ലായ്മയും എക്‌സൈസ് വകുപ്പിലെ ചില ഉന്നതരുടെ താല്പര്യങ്ങളുമാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് ആക്ഷേപം.
വിഷയത്തില്‍ കടുത്ത അസ്വാഭാവികത മണത്തതോടെ എക്‌സൈസ് മന്ത്രി എം. ലിജു അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിവാദങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ബെവ്‌കോ സി.എം.ഡി. എം.ആര്‍. അജിത് കുമാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന പുതിയ ആയുധമായി ജവാന്‍ വിവാദം മാറിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി വിപണിയില്‍ ജവാന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയും ജൂണ്‍ 12 മുതല്‍ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി എം. ലിജു അടിയന്തര യോഗം വിളിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് പുറത്തുവന്നത്. അറ്റകുറ്റപ്പണികളും പ്ലാസ്റ്റിക് കുപ്പികള്‍ നല്‍കുന്ന കമ്പനി വിലകൂട്ടാന്‍ ആവശ്യപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണമായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ വിവരങ്ങളൊന്നും തന്നെ താന്‍ അറിഞ്ഞിട്ടില്ലെന്ന് ബെവ്‌കോ സി.എം.ഡി. എം.ആര്‍. അജിത് കുമാര്‍ യോഗത്തില്‍ നിലപാടെടുത്തു. ഇതോടെ, എല്ലാ കാര്യങ്ങളും കൃത്യമായി അജിത് കുമാറിനെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് രംഗത്തെത്തിയതോടെ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം കടുത്ത വാക്കുതര്‍ക്കത്തിന് വേദിയായി. ഇത്രയും വലിയൊരു പ്രതിസന്ധി സി.എം.ഡി. അറിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് എക്‌സൈസ് വകുപ്പ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വില കൂടിയെന്നും അതിനാല്‍ നിലവിലെ കരാര്‍ തുകയേക്കാള്‍ കൂടുതല്‍ പണം വേണമെന്നുമാണ് കുപ്പിയും അടപ്പും വിതരണം ചെയ്യുന്ന കമ്പനിയുടെ ആവശ്യം. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കരാര്‍ ലംഘിച്ച് പണം നല്‍കാന്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് തയ്യാറാകാതിരുന്നതോടെ വിതരണം പൂര്‍ണ്ണമായി നിലച്ചു. മറ്റൊരു കമ്പനിയില്‍ നിന്ന് കുപ്പികള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണം. അടുത്തയാഴ്ചയോടെയേ ഉത്പാദനം പുനരാരംഭിക്കാന്‍ കഴിയൂ.
പ്രതിദിനം 90,000 ലിറ്റര്‍ ജവാന്‍ റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഒരു ലിറ്ററിന് 640 രൂപ നിരക്കില്‍ ഒരു ദിവസം 5.76 കോടി രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. ഈ കണക്ക് വെച്ചുനോക്കിയാല്‍ കഴിഞ്ഞ ഏഴുദിവസം കൊണ്ട് മാത്രം സര്‍ക്കാരിന് ഉണ്ടായ നഷ്ടം 40.32 കോടി രൂപയാണ്. സംസ്ഥാനത്തിന് വലിയ വരുമാനം നേടിത്തരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെയും ജനപ്രിയ ബ്രാന്‍ഡിനെയും തകര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയോ എന്നാണ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുക







