Spread the love

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടത് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിക്രമവും ഇടത് സർക്കാർ പൂർത്തിയാക്കിയിട്ടില്ലെന്നും പദ്ധതി നടപ്പാക്കാനുള്ള സ്കൂളുകളുടെ എണ്ണം പോലും കേന്ദ്രത്തിന് കൈമാറിയിരുന്നില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷ കേരള (എസ്‌എസ്‌കെ) ഫണ്ട്, പിഎം ശ്രീ പദ്ധതിയിൽ സഹകരിക്കുന്നില്ലെന്ന കാരണത്താൽ കേന്ദ്രം തടഞ്ഞുവെച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയെ സംബന്ധിച്ച് ആദ്യം അനുകൂല നിലപാട് അറിയിച്ച് കത്ത് നൽകിയിരുന്നെങ്കിലും പിന്നീട് മന്ത്രിസഭ വിഷയം പഠിക്കാൻ സമിതി രൂപീകരിക്കുകയും തുടർന്ന് പദ്ധതിയുമായി സഹകരിക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതായി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിന്റെ യഥാർഥ സ്ഥിതി മനസിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും മുൻമന്ത്രി വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group