Spread the love

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് വർഷത്തെ ഭരണകാലയളവില്‍ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ 30 വിദേശയാത്രകള്‍ നടത്തിയതായും 17 ഓളം രാജ്യങ്ങള്‍ സന്ദർശിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പൊതുഭരണ വകുപ്പ് പുറത്തുവിട്ട ഈ വിവരാവകാശ മറുപടിയിലെ ചില വിചിത്രമായ കണക്കുകളാണ് ഇപ്പോള്‍ വൻ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

video
play-sharp-fill

30 വിദേശയാത്രകള്‍ നടത്തിയതില്‍ വെറും 8 യാത്രകളുടെ ചെലവ് വിവരങ്ങള്‍ മാത്രമാണ് പൊതുഭരണവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ 8 യാത്രകള്‍ക്കായി മാത്രം 74,59,364 രൂപ (എഴുപത്തിനാല് ലക്ഷത്തിലധികം രൂപ) ഖജനാവില്‍ നിന്ന് ചെലവിട്ടതായും രേഖകളില്‍ പറയുന്നു. എന്നാല്‍, ഈ യാത്രകളിലെല്ലാം താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണ് പൊതുഭരണ വകുപ്പ് നല്‍കിയിരിക്കുന്ന വിചിത്രമായ മറുപടി. വിദേശരാജ്യങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും താമസിച്ചതിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന സർക്കാരിന്റെ ഈ വിശദീകരണം വരും ദിവസങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് കാരണമാകും.

മുളക്കുളം സൗത്ത് സ്വദേശി എം. ടി. തോമസ് നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് പൊതുഭരണ വകുപ്പ് ഈ മറുപടി നല്‍കിയത്. യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ 17 രാജ്യങ്ങളിലാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ സന്ദർശിച്ചത് യുഎഇ ആണ്. ചികിത്സാർഥം നാല് തവണയാണ് അദ്ദേഹം യുഎസ് സന്ദർശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും പിണറായി വിജയൻ നടത്തിയിട്ടുണ്ട്. ഇതില്‍ 2018 ജൂലൈയില്‍ യുഎസിലേക്ക് നടത്തിയ യാത്ര പൂർണ്ണമായും ‘സ്വകാര്യം’ എന്നാണ് സർക്കാർ രേഖകളില്‍ ഉള്ളതെങ്കിലും, ഈ യാത്രയുടെ യാത്രാക്കൂലി ഇനത്തില്‍ 3,82,807 രൂപ സർക്കാർ ഖജനാവില്‍ നിന്നും അനുവദിച്ചതായും വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നു.മുൻ മുഖ്യമന്ത്രി നടത്തിയ മുഴുവൻ വിദേശയാത്രകളുടെയും താമസത്തിന്റെയും കൃത്യമായ ചെലവ് വിവരങ്ങള്‍ നല്‍കാത്ത പൊതുഭരണ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും വിവരാവകാശ അപേക്ഷകൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശയാത്രകളുടെ സുതാര്യതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ പോർമുഖം തുറക്കുകയാണ്.