Spread the love

ചെന്നൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ മുരശൊലി. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ലെന്നും, ഇന്ത്യ മുന്നണിയുടെ ഐക്യം തകർത്തത് അദ്ദേഹത്തിന്റെ നിലപാടുകളാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. തമിഴ്നാട്ടിൽ ഡിഎംകെയെ വഞ്ചിച്ചാണ് കോൺഗ്രസ് ടിവികെയുമായി അടുപ്പം സ്ഥാപിച്ചതെന്നും, അത് രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണെന്നും മുരശൊലി വിമർശിച്ചു.

video
play-sharp-fill

ടിവികെ നേതാവ് ഇന്ത്യ മുന്നണിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസ് വീണ്ടും ഡിഎംകെയെ സമീപിക്കാൻ ശ്രമിക്കുകയാണെന്ന് മുഖപ്രസംഗം പരിഹസിക്കുന്നു. അതേസമയം, ഇന്ത്യ മുന്നണിയിലെ പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന് രാഹുൽ ഗാന്ധി ഇപ്പോൾ ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ വിവിധ കക്ഷികളുമായുള്ള കോൺഗ്രസിന്റെ ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾക്കും രാഹുലിന്റെ രാഷ്ട്രീയ സമീപനമാണ് കാരണമെന്നും മുരശൊലി ആരോപിച്ചു.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബിഹാറിൽ ആർജെഡിയും കേരളത്തിൽ ഇടതുപക്ഷ പാർട്ടികളും രാഹുൽ ഗാന്ധിയുടെ നിലപാടുകളെ വിമർശിച്ചിട്ടുണ്ടെന്ന് ലേഖനം പറയുന്നു. അടുത്തിടെ നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ “വൈകിയെത്തിയ വിവേകം” എന്ന് വിശേഷിപ്പിച്ച മുരശൊലി, ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയുണ്ടാക്കിയ രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും രാഹുൽ ഗാന്ധി തന്നെയാണോയെന്ന് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group