Spread the love

തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച്‌ തിരുവനന്തപുരത്തെത്തിയ ശ്രീലങ്കന്‍ യുവതി അമിത അളവില്‍ ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

വിഷാദരോഗത്തിനുള്ള മരുന്നുകളും പാരസിറ്റമോള്‍ ഗുളികകളും അമിത അളവില്‍ ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെ ഇവര്‍ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

ഒരു മാസം മുന്‍പാണ് യുവാവിനെ തേടി യുവതി ശ്രീലങ്കയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് കഠിനംകുളത്തുള്ള യുവാവിന്റെ വീട്ടിലെത്തിയെങ്കിലും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്. ഇതേത്തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച്‌ വരികയായിരുന്നു ഇവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോട്ടല്‍ മുറിക്കുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വലിയ അളവില്‍ ഗുളികകള്‍ കഴിച്ച്‌ അവശനിലയിലായ യുവതിയെ ഹോട്ടല്‍ ജീവനക്കാരാണ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരമറിയിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയും കഠിനംകുളം സ്വദേശിയായ യുവാവും അബുദാബിയില്‍ ഒന്നിച്ച്‌ ജോലി ചെയ്യുന്നതിനിടയിലാണ് പ്രണയത്തിലായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവാവിനെ അന്വേഷിച്ച്‌ യുവതി ഇതിന് മുന്‍പും രണ്ട് തവണ തിരുവനന്തപുരത്ത് എത്തിയിരുന്നതായാണ് വിവരം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ യുവാവും കുടുംബവും ചേര്‍ന്നാണ് മുന്‍പ് യുവതിയെ അനുനയിപ്പിച്ച്‌ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാന്‍ സൗകര്യമൊരുക്കിയത്. പിന്നീട് താന്‍ കൂടെ വരാമെന്ന് യുവാവ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു.

എന്നാല്‍ ശ്രീലങ്കയില്‍ തിരിച്ചെത്തിയ ശേഷം യുവതി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും യുവാവ് ഫോണ്‍ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. യുവാവ് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് ഒടുവില്‍ കടുത്ത തീരുമാനങ്ങളിലേക്ക് യുവതി നീങ്ങിയത്. ഒളിവില്‍ പോയ വിദേശ യുവതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇവരുടെ പാസ്‌പോര്‍ട്ടും വിസയും സംബന്ധിച്ച രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. യുവതിക്ക് നഗരത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുമായി പ്രണയത്തിലായിരുന്ന കഠിനംകുളം സ്വദേശിയെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.