
പാലക്കാട്: കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്താൻ ശ്രമിച്ച കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതി ബസ് ഓടിച്ചുകൊണ്ട് കടയുടെ മുൻഭാഗം തകർത്ത് രക്ഷപ്പെടുന്നതും സംഭവത്തിന് മുൻപ് രണ്ട് പേർ ബൈക്കിൽ ഡിപ്പോയ്ക്ക് സമീപമെത്തുന്നതുമായ ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നത്.
വണ്ടിക്കാര സ്ട്രീറ്റിന് സമീപത്തുകൂടി ബസ് അപകടകരമായ രീതിയിൽ ഓടിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ട് പേർ നഗരത്തിൽ തന്നെയുള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും നിലവിൽ ഒളിവിലാണെന്നും ഇവർക്കായി വ്യാപക തെരച്ചിൽ തുടരുകയാണെന്നും ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.50 ഓടെയാണ് കെഎസ്‌ആർടിസി ഓർഡിനറി ബസ് കടത്താൻ ശ്രമം നടന്നത്. ബസ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ നടത്തിയ തെരച്ചിലിൽ, ഡിപ്പോയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള മംഗളം ടവേഴ്സ് പരിസരത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനക്കാർ പിന്തുടർന്നതോടെയാണ് പ്രതി ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്നാണ് വിവരം. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







